ക്രിസ്റ്റ്യാനോയെ യുവന്റസ് മിസ് ചെയ്യുന്നു : വിമർശകർക്കെതിരെ മുൻ റയൽ പ്രസിഡന്റ്!
കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിരിച്ചെത്തിയത്. മൂന്ന് വർഷക്കാലമായിരുന്നു ക്രിസ്റ്റ്യാനോ യുവന്റസിൽ ചിലവഴിച്ചത്. യുവന്റസിനായി 134 മത്സരങ്ങളിൽ നിന്ന് 101 ഗോളുകൾ നേടാൻ റൊണാൾഡോക്ക് സാധിച്ചിരുന്നു. കൂടാതെ രണ്ട് സിരി എ കിരീടം ചൂടാനും റൊണാൾഡോ സഹായിച്ചിരുന്നു.
എന്നാൽ ക്രിസ്റ്റ്യാനോ ടീം വിട്ടതിന് ശേഷം യുവന്റസ് താരങ്ങളായ ബൊനൂച്ചിയും കെയ്ലേനിയുമൊക്കെ അദ്ദേഹത്തിനെതിരെ വിമർശനങ്ങൾ ഉയർത്തിയിരുന്നു. ക്രിസ്റ്റ്യാനോ ടീം വിട്ടത് യുവന്റസിന് ഗുണകരമായി എന്നുള്ള രൂപത്തിലായിരുന്നു ഇവർ സംസാരിച്ചിരുന്നത്.
— Murshid Ramankulam (@Mohamme71783726) December 9, 2021
എന്നാൽ വിമർശകർക്കെതിരെ റയലിന്റെ മുൻ പ്രസിഡന്റ് ആയ കാൽഡെറോൺ രംഗത്ത് വന്നിട്ടുണ്ട്. ക്രിസ്റ്റ്യാനോയെ യുവന്റസ് ഇപ്പോഴും മിസ് ചെയ്യുന്നുണ്ട് എന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.2009-ൽ റൊണാൾഡോയെ സൈൻ ചെയ്ത റയൽ പ്രസിഡന്റ് ആണ് കാൽഡെറോൺ.അദ്ദേഹത്തിന്റെ വാക്കുകളെ ഇറ്റാലിയൻ മാധ്യമമായ ട്യൂട്ടോമെർക്കാറ്റോ വെബ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
“യുവന്റസ് അവരുടെ മികച്ച ഈ നിലയിൽ അല്ലെങ്കിലും അവർ പരിഗണിക്കപ്പെടേണ്ട ടീമാണ്. ക്രിസ്റ്റ്യാനോ ടീം വിട്ടത് അവരെ ബാധിച്ചിട്ടുണ്ട് എന്നുള്ളത് നിസ്സംശയം പറയാൻ കഴിയും. ക്രിസ്റ്റ്യാനോ കളിച്ചിട്ടുള്ള ടീമുകൾക്കെല്ലാം അദ്ദേഹം ഒരുപാട് കാര്യങ്ങൾ നൽകിയിട്ടുണ്ട്.ഗോളുകൾ നേടിയതിന് പുറമേ മറ്റു കാര്യങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്.പോരാടിക്കാനുള്ള ഒരു ഊർജ്ജം അദ്ദേഹം തന്റെ സഹതാരങ്ങൾക്ക് പകർന്നു നൽകാറുണ്ട്.തീർച്ചയായും യുവന്റസ് ക്രിസ്റ്റ്യാനോയെ മിസ് ചെയ്യുന്നുണ്ട് ” കാൽഡെറോൻ പറഞ്ഞു.
നിലവിൽ സിരി എയിൽ അഞ്ചാം സ്ഥാനത്താണ് യുവന്റസ്. ഇതിനോടകം തന്നെ അവർ 5 തോൽവികൾ വഴങ്ങി കഴിഞ്ഞു.