ഹസാർഡിന്റെയും അസെൻസിയോയുടെയും തിരിച്ചു വരവ്, ബാഴ്സ ഭയപ്പെടണമെന്ന് മുൻ ഇംഗ്ലീഷ് ഇതിഹാസം

ജൂൺ പതിനൊന്ന് മുതൽ വീണ്ടും ലാലിഗയിലെ കളിക്കളങ്ങൾ സജീവമാകുന്നതിന്റെ ആവേശത്തിലാണ് ഫുട്ബോൾ ആരാധകർ. ചിരവൈരികളായ ബാഴ്സയും റയലും കിരീടത്തിന് വേണ്ടി കടുത്ത പോരാട്ടം തന്നെ നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ലീഗിൽ തലപ്പത്തുള്ളത് ബാഴ്‌സയാണെങ്കിലും കേവലം രണ്ട് പോയിന്റുകൾക്ക് മാത്രമാണ് റയൽ പിറകിൽ എന്നുള്ളത് ലാലിഗയെ കൂടുതൽ ആവേശഭരിതമാക്കുന്നു. അത്കൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങൾ ഇരുടീമുകൾക്കും വളരെയധികം നിർണായകമാണ്. ഈയൊരു അവസരത്തിൽ ബാഴ്സക്ക് ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് മുൻ ഇംഗ്ലീഷ് ഇതിഹാസവും ലിവർപൂൾ-റയൽ മാഡ്രിഡ്‌ താരമായ സ്റ്റീവ് മക്മനാമൻ. സൂപ്പർ താരങ്ങളായ അസെൻസിയോയുടെയും ഹസാർഡിന്റെയും തിരിച്ചു വരവ് ബാഴ്സക്ക് ഭീഷണിയാവുമെന്നും റയലിന് ഏറെ സഹായകരമാവുമെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. നിലവിൽ ലീഗിൽ ഗോൾക്ഷാമം നേരിടുന്ന ടീമാണ് റയൽ. ബാഴ്സയെക്കാൾ പതിനാല് ഗോളുകൾ കുറച്ചാണ് റയൽ നേടിയിട്ടുള്ളത്. ഈയൊരു അവസ്ഥക്ക് പരിഹാരം കാണാൻ ഇരുവർക്കും സാധിക്കുമെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്.

” ഈഡൻ ഹസാർഡും അസെൻസിയോയും അവരുടെ ശാരീരികക്ഷമത വീണ്ടെടുത്ത് തിരിച്ചെത്തിയിരിക്കുന്നു. തീർച്ചയായും ഇത് റയലിന് ഒരു മുതൽകൂട്ടുമാണ്, ബാഴ്സക്കൊരു വെല്ലുവിളിയുമാണ്. എല്ലാ ലീഗുകളിലും താരസമ്പന്നമായ സ്‌ക്വാഡ് ഉള്ളവർ തന്നെയാണ് മുൻനിരയിൽ. നിങ്ങൾ ലീഗിൽ മുൻപന്തിയിൽ ആണെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ഒരു നല്ലൊരു സ്‌ക്വാഡ് ഉണ്ടാവും. നല്ല സ്‌ക്വാഡ് ആണ് നിങ്ങളെ മികച്ച ടീമാക്കുന്നത്. തീർച്ചയായും ഇവരുടെ വരവോടെ റയൽ മികച്ച സ്‌ക്വാഡ് ആയി മാറും. സത്യം എന്തെന്നാൽ കഴിഞ്ഞ രണ്ട് മാസം താരങ്ങൾക്ക് കൂടുതൽ ഫിറ്റ്നസ് കൈവരിക്കാനുള്ള സമയം കിട്ടിയിട്ടുണ്ട്. ഇത് റയലിനും ഗുണം ചെയ്യുമെന്നാണ് ഞാൻ വിചാരിക്കുന്നത് ” മക്മനാമൻ പറഞ്ഞു. ജൂൺ പതിനാലിന് എയ്ബറിനെതിരെയാണ് റയലിന്റെ മത്സരം.ലിഗ്മെന്റ് ഇഞ്ചുറി മൂലം കഴിഞ്ഞ ഒരു വർഷമായി അസെൻസിയോ കളത്തിന് പുറത്താണ്. അതേ സമയം കഴിഞ്ഞ സീസണിൽ റയലിൽ എത്തിയ ഹസാർഡ് കേവലം പതിനഞ്ച് മത്സരങ്ങൾ മാത്രമേ കളിച്ചിട്ടൊള്ളൂ. ബാക്കിയുള്ള മത്സരങ്ങൾ പരിക്ക് മൂലം താരത്തിന് നഷ്ടമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *