ക്രിസ്റ്റ്യാനോയെ പോലീസ് ചോദ്യം ചെയ്‌തേക്കും!
ഈ ട്രാൻസ്ഫർ ജാലകത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിട്ടു കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയിരുന്നു. മാത്രമല്ല മികച്ച ഫോമിലാണ് നിലവിൽ താരം യുണൈറ്റഡിനായി കളിച്ചു കൊണ്ടിരിക്കുന്നത്.
എന്നാൽ യുവന്റസിലെ പൊല്ലാപ്പുകൾ ക്രിസ്റ്റ്യാനോക്ക് ഇപ്പോഴും തലവേദന സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. തെറ്റായ കണക്കുകൾ നൽകി എന്ന കാരണത്താൽ യുവന്റസിന്റെ ഓഫീസുകൾ കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ഭാഗമെന്നോണം ക്രിസ്റ്റ്യാനോയെയും അന്വേഷണഉദ്യോഗസ്ഥർ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. പ്രമുഖ ഇറ്റാലിയൻ മാധ്യമമായ ലാ ഗസറ്റ ഡെല്ലോ സ്പോർട്ടിനെ ഉദ്ധരിച്ചു കൊണ്ട് മാർക്കയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) December 4, 2021
ഫിനാൻഷ്യൽ ഫെയർ പ്ലേ റൂൾസ് ലംഘിച്ചുവെന്നും തെറ്റായ കണക്കുകളാണ് യുവന്റസ് നൽകിയത് എന്നതുമായി ബന്ധപ്പെട്ടാണ് യുവന്റസിന്റെ ഓഫീസുകൾ റെയ്ഡ് ചെയ്യപ്പെട്ടത്.റയലിൽ നിന്നും റൊണാൾഡോ യുവന്റസിൽ എത്തിയ ട്രാൻസ്ഫറിന്റെ യഥാർത്ഥ കണക്കുകൾ യുവന്റസ് മറച്ചു വെച്ചു എന്നാണ് ആരോപണം. കൂടാതെ ക്രിസ്റ്റ്യാനോയുടെ സാലറിയുടെ കാര്യത്തിലും പ്രശ്നങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ടു കൊണ്ടായിരിക്കും ക്രിസ്റ്റ്യാനോയെ ചോദ്യം ചെയ്യുക.
അതേസമയം യുവന്റസ് കുറ്റക്കാരാണ് എന്ന് തെളിഞ്ഞാൽ കടുത്ത ശിക്ഷാനടപടികളായിരിക്കും അവരെ കാത്തിരിക്കുന്നത്. റെലഗേഷൻ ചെയ്യപ്പെടാനും ആ കാലയളവിൽ നേടിയ കിരീടങ്ങൾ തിരിച്ചു വാങ്ങാനും വരെ സാധ്യതകൾ ഉണ്ട് എന്നാണ് മാധ്യമങ്ങൾ ചൂണ്ടി കാണിക്കുന്നത്.