മത്സരങ്ങൾ അവസാനിച്ചു, ഈ വർഷം ബ്രസീലിന്റെ പ്രകടനം എങ്ങനെ?

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ കരുത്തരായ അർജന്റീനയോട് ബ്രസീൽ സമനിലയിൽ കുരുങ്ങുകയായിരുന്നു. ഇതോടെ ബ്രസീലിന്റെ ഈ വർഷത്തെ മത്സരങ്ങൾക്ക്‌ വിരാമമായി.2022 ജനുവരിയിലാണ് ഇനി ബ്രസീൽ അടുത്ത മത്സരങ്ങൾ കളിക്കുക.

ഈ വർഷം ബ്രസീൽ 16 മത്സരങ്ങളാണ് ആകെ കളിച്ചത്. അതിൽ 12 മത്സരവും വിജയിക്കാൻ ബ്രസീലിന് സാധിച്ചിട്ടുണ്ട്.3 സമനിലയും ഒരു തോൽവിയുമാണ് ബ്രസീൽ വഴങ്ങിയിട്ടുള്ളത്. കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയോടാണ് ബ്രസീലിന് തോൽവി വഴങ്ങേണ്ടി വന്നത്. കോപ്പ അമേരിക്കയിൽ റണ്ണേഴ്‌സ് അപ്പായതും വേൾഡ് കപ്പിന് യോഗ്യത ലഭിച്ചതും ഈ വർഷത്തെ ബ്രസീലിന്റെ നേട്ടങ്ങളാണ്.

16 മത്സരങ്ങളിൽ നിന്ന് ആകെ 27 ഗോളുകളാണ് ബ്രസീൽ നേടിയിട്ടുള്ളത്. ശരാശരി ഓരോ മത്സരത്തിലും ബ്രസീൽ 1.6 ഗോളുകൾ വീതം നേടുന്നുണ്ട്.അതേസമയം 5 ഗോളുകൾ മാത്രമാണ് ബ്രസീൽ വഴങ്ങിയിട്ടുള്ളത്.അതായത് ശരാശരി ഓരോ മൂന്ന് മത്സരത്തിലും ഓരോ ഗോളുകൾ വീതം വഴങ്ങി. ബാക്കിയുള്ള വർഷങ്ങളെ താരതമ്യം ചെയ്യുമ്പോൾ ടിറ്റെയെ സംബന്ധിച്ചിടത്തോളം മികച്ച ഒരു വർഷം തന്നെയാണ് 2021.

അതേസമയം വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ടിറ്റെയുടെ കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ 25 വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ബ്രസീൽ പരാജയമറിഞ്ഞിട്ടില്ല.ആകെ 68 മത്സരങ്ങളാണ് ടിറ്റെക്ക്‌ കീഴിൽ ബ്രസീൽ കളിച്ചിട്ടുള്ളത്.അതിൽ 50 എണ്ണവും ബ്രസീൽ വിജയിച്ചപ്പോൾ 13 സമനിലകളും 5 തോൽവികളും ബ്രസീൽ ഏറ്റുവാങ്ങി.ഇനി വേൾഡ് കപ്പിനുള്ള ഒരുക്കത്തിലാണ് ബ്രസീൽ. അതിന് മുമ്പ് ചുരുങ്ങിയത് 9 മത്സരങ്ങൾ എങ്കിലും ബ്രസീലിന് കളിക്കാനുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *