അഞ്ച് സബ്സ്റ്റിട്യൂഷനുകൾ ബാഴ്സക്ക് തിരിച്ചടിയെന്ന് പരിശീലകൻ

കോവിഡ് പ്രതിസന്ധി മൂലം പുനരാരംഭിക്കുന്ന ലീഗുകൾക്ക് ഫുട്ബോൾ നിയമത്തിൽ താൽകാലികമായ മാറ്റങ്ങൾ വരുത്തികൊണ്ട് പുതിയ നിയമങ്ങൾ ഫിഫ നടപ്പിലാക്കിയിരുന്നു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഒരു മത്സരത്തിൽ ക്ലബിന് അഞ്ച് സബ്സ്റ്റിട്യൂഷനുകൾ നടത്താം എന്നുള്ളത്. ഈ മാസം മധ്യത്തിൽ പുനരാരംഭിച്ച ബുണ്ടസ്‌ലിഗയിൽ ഇത് നടപ്പിലാക്കി കഴിഞ്ഞിരുന്നു. എന്നാൽ ഈ നിയമം ബാഴ്സക്ക് തിരിച്ചടിയാവുമെന്ന് പ്രസ്താവിച്ചിരിക്കുകയാണ് ബാഴ്‌സ പരിശീലകൻ ക്വീക്കെ സെറ്റിയൻ. കഴിഞ്ഞ ദിവസം ലാസ് പാൽമസിലെ കോച്ചിംഗ് സ്‌കൂളിന് നൽകിയ വീഡിയോ കോൺഫറൻസിലാണ് സെറ്റിയൻ ഇക്കാര്യത്തെ സംസാരിച്ചത്.ബാഴ്‌സയുടെ ശൈലിക്കും തന്ത്രങ്ങളും വിഘാതമേൽപ്പിക്കുന്ന നിയമമാണ് അഞ്ച് സബ്സ്റ്റിട്യൂഷനുകളെന്നും ഫലത്തിൽ ഇത് ഇത് ബാഴ്സക്ക് തിരിച്ചടിയാവുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ താരങ്ങൾക്ക് പരിക്കേൽക്കുന്നതിനെ കുറിച്ചുള്ള ആശങ്കയും സെറ്റിയൻ പങ്കുവെച്ചു.

” ഈ അഞ്ച് സബ്സ്റ്റിട്യൂഷനുകൾ ബാഴ്സക്ക് തിരിച്ചടിയാവുമെന്നാണ് ഞാൻ കരുതുന്നത്. കാരണം ഞങ്ങൾ ഒട്ടേറെ മത്സരങ്ങൾ വിജയിക്കാറുള്ളത് മത്സരത്തിലെ അവസാനനിമിഷം പുലർത്തുന്ന ആധിപത്യം വഴിയാണ്. എന്നാൽ ഇനി ഈ നിയമപ്രകാരം എതിർടീമുകൾ അവസാനനിമിഷങ്ങളിൽ പുതിയ താരങ്ങളെ ഇറക്കുക വഴി ബാഴ്‌സയുടെ തന്ത്രങ്ങൾക്ക് വിലങ്ങുതടിയാവുമെന്നാണ് ഞാൻ കരുതുന്നത്. ലാലിഗ വളരെ പെട്ടന്ന് നടത്തുന്നത് എല്ലാവർക്കും ദോഷകരമാവുമെന്നാണ് ഞാൻ കരുതുന്നത്. കാരണം കുറച്ചു സമയങ്ങൾക്കുള്ളിൽ ഒരുപാട് മത്സരങ്ങൾ കളിക്കാനുണ്ട്. തുടർച്ചയായ മത്സരങ്ങൾ താരങ്ങളുടെ പ്രകടനത്തെ ബാധിക്കും. കൂടാതെ പരിക്കുകൾ വരാനും സാധ്യതയുണ്ട്. ബുണ്ടസ്‌ലിഗയിൽ തന്നെ നമ്മൾ ഒട്ടേറെ പരിക്കുകൾ കണ്ടതാണ്. കാരണം കഴിഞ്ഞ രണ്ട് മാസങ്ങളായി താരങ്ങൾ എല്ലാവരും തന്നെ കേവലം സോഫയിൽ ഇരിക്കുന്നവരായിരുന്നു. അത്കൊണ്ട് തന്നെ ദൃതിപ്പെട്ട് നടത്തുന്നതിനാൽ താരങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കും ” സെറ്റിയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *