പണമായി ആവിശ്യപ്പെട്ട് ഇന്റർ,ലൗറ്ററോ ട്രാൻസ്ഫറിൽ ബാഴ്സക്ക് തിരിച്ചടി

സൂപ്പർ താരം ലൗറ്ററോ മാർട്ടിനെസിനെ ടീമിലെത്തിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെ ബാഴ്സക്ക് തിരിച്ചടി. താരത്തെ സ്വന്തമാക്കണമെങ്കിൽ മുഴുവൻ തുകയും പണമായിട്ട് തന്നെ വേണമെന്ന് ഇന്റർമിലാൻ ആവശ്യപ്പെട്ടതാണ് ബാഴ്സക്ക് തലവേദനയായിരിക്കുന്നത്. താരങ്ങളെ കൈമാറിയുള്ള ഡീലിന് താല്പര്യമില്ലെന്നും ലൗറ്ററോക്ക് വേണ്ടി മുഴുവൻ തുകയും പണമായിട്ട് തന്നെ ബാഴ്സ അടക്കണമെന്നുമാണ് ഇന്റർമിലാന്റെ പുതിയ നയം. ഇന്റർമിലാൻ സ്പോർട്ടിങ് ഡയറക്ടർ പിയറോ ഓസിലിയോ ആണ് ഇക്കാര്യം അറിയിച്ചത്. 111 മില്യൺ യുറോയാണ് (97 മില്യൺ പൗണ്ട് / 121 മില്യൺ ഡോളർ) ലൗറ്ററോക്ക് വേണ്ടി ഇന്റർ ആവശ്യപ്പെട്ടിട്ടുള്ളത്. മുൻപ് താരങ്ങളെ കൈമാറാനുള്ള ചർച്ചകൾ നടന്നിരുന്നുവെങ്കിലും അതൊന്നും ഫലം കാണാനാവാതെ വന്നതോടെയാണ് ഇന്റർമിലാൻ പുതിയ തീരുമാനത്തിൽ എത്തിയത്. താരത്തിന്റെ ക്ലോസ് പ്രകാരമുള്ള മുഴുവൻ തുകയും ബാഴ്സ നൽകേണ്ടി വരുമെന്നുറപ്പായിരിക്കുകയാണ്.

” ലൗറ്ററോ അത്രമേൽ ഇന്റർ വിടാൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് മുന്നിൽ ഒരൊറ്റ വഴിയേ ഒള്ളൂ. മുഴുവൻ തുകയും അടക്കുന്ന ക്ലബ്ബിലേക്ക് പോവാം. താരത്തിന്റെ കരാർ എല്ലാവർക്കുമറിയുന്നതാണ്. അതിൽ ഒന്നും ഒളിക്കാനില്ല. അത് അനുസരിക്കാനുള്ളതാണ്. കാരണം എപ്പോഴും നാം ആത്മാർത്ഥ പുലർത്തേണ്ടതുണ്ട്. ആ ക്ലോസ് ജൂലൈയോട് കൂടി അവസാനിക്കും. അത്കൊണ്ട് തന്നെ ലൗറ്ററോക്ക് മുന്നിൽ ഈയൊരു വഴി മാത്രമേ മുന്നിലൂള്ളൂ. തീർച്ചയായും ടീമിന് വളരെയധികം പ്രാധാന്യമുള്ള താരമാണ് അദ്ദേഹം. പ്രധാനപ്പെട്ട താരങ്ങളെ കൈമാറാൻ ഞങ്ങൾക്ക് താല്പര്യമില്ല. മാത്രമല്ല ഇനി മൂന്നു വർഷം കൂടി അദ്ദേഹത്തിന് ഇന്റർമിലാനിൽ കരാറുണ്ട് എന്ന കാര്യം വിസ്മരിക്കരുത് ” ഇന്റർ മിലാൻ സ്പോർട്ടിങ് ഡയറക്ടർ സ്കൈ ഇറ്റാലിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഈ തീരുമാനം ഫലത്തിൽ ബാഴ്സക്ക് വലിയ തിരിച്ചടിയാണ്. കോവിഡ് പ്രതിസന്ധി മൂലം സാമ്പത്തികമായി വലിയ തോതിൽ ക്ലേശം അനുഭവിക്കുന്ന ക്ലബുകളിലൊന്നാണ് ബാഴ്സ. താരങ്ങൾക്ക് ഏറ്റവും കൂടുതൽ സാലറി നൽകുന്ന ക്ലബുകളിലൊന്ന് ബാഴ്സയാണ്. ഈയൊരു അവസ്ഥ ലൗറ്ററോയെ ടീമിൽ എത്തിക്കാൻ ബാഴ്സ ശ്രമിച്ചിരുന്നത് താരകൈമാറ്റത്തിലൂടെയായിരുന്നു. ഈ വഴിയാണ് ഇപ്പോൾ അടഞ്ഞിരിക്കുന്നത്. ഇതിനാൽ തന്നെ മുഴുവൻ തുക കൊടുത്ത് താരത്തെ സ്വന്തമാക്കുക എന്ന ഓപ്ഷൻ മാത്രമാണ് ബാഴ്സക്ക് മുന്നിലുള്ളത്. പക്ഷെ ഈയൊരു സാഹചര്യത്തിൽ ബാഴ്‌സ അതിന് തയ്യാറാവുമോ എന്നുള്ളത് വലിയൊരു ചോദ്യചിഹ്നമാണ്.

Leave a Reply

Your email address will not be published. Required fields are marked *