മുന്നേറ്റനിരയിൽ ആളില്ല, കൂമാന് തലവേദന!
ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ ബാഴ്‌സയുടെ എതിരാളികൾ കരുത്തരായ ബയേൺ ആണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് ബാഴ്‌സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം അരങ്ങേറുക.
എന്നാൽ ഈ മത്സരത്തിനിറങ്ങും മുമ്പേ ബാഴ്‌സക്ക് കൂട്ടിനുള്ളത് പ്രതിസന്ധികൾ മാത്രമാണ്. എന്തെന്നാൽ ബാഴ്‌സയുടെ മുന്നേറ്റനിരയിൽ കേവലം രണ്ട് താരങ്ങളെ മാത്രമാണ് കൂമാന് ലഭ്യമായിട്ടുള്ളത്. ബാക്കിയുള്ള നാല് താരങ്ങൾ പരിക്കിന്റെ പിടിയിലാണ്.
സെർജിയോ അഗ്വേറോ, ഒസ്മാൻ ഡെംബലെ, അൻസു ഫാറ്റി, മാർട്ടിൻ ബ്രൈത്വെയിറ്റ് എന്നിവരാണ് പരിക്ക് മൂലം പുറത്തിരിക്കുന്നത്. ഇതിൽ അൻസു ഫാറ്റി പരിശീലനം നടത്തുന്നുണ്ടെങ്കിലും താരം കളിക്കാൻ സജ്ജനായിട്ടില്ല. അത്കൊണ്ട് തന്നെ ഇന്നത്തെ മത്സരത്തിൽ കളിച്ചേക്കില്ല.
Ronald Koeman's frontline crisis https://t.co/rjwKeDUV6j
— Murshid Ramankulam (@Mohamme71783726) September 14, 2021
ഡെംബലെ, അഗ്വേറോ എന്നിവർക്കും പരിക്ക് തന്നെയാണ്. ഈ മാസത്തെ മത്സരങ്ങൾ ഇരുവർക്കും നഷ്ടമാവുമെന്ന് ഉറപ്പായിരുന്നു. ഏറ്റവും പുതുതായി ഇഞ്ചുറി ഏറ്റത് മാർട്ടിൻ ബ്രൈത്വെയിറ്റിനാണ്. കാൽമുട്ടിന് പരിക്കേറ്റ താരം സർജറിക്ക് വിധേയമാവാനുള്ള ഒരുക്കത്തിലാണ്. ഫലമായി മൂന്നോ നാലോ മാസം താരം പുറത്തിരിക്കേണ്ടി വരും.
ഇനി ഡീപേ, ലൂക്ക് ഡി യോങ് എന്നിവർ മാത്രമാണ് ബാഴ്‌സയുടെ മുന്നേറ്റനിരയിൽ ഉള്ളത്. മികച്ച ഫോമിൽ കളിക്കുന്ന ഡീപേയാണ് ബാഴ്‌സയുടെ പ്രതീക്ഷകൾ. ഡി യോങ് അരങ്ങേറ്റത്തിനുള്ള ഒരുക്കത്തിലാണ്. കൂടാതെ കൂട്ടീഞ്ഞോ, ഡെമിർ എന്നിവരിൽ ഒരാളെയായിരിക്കും കൂമാൻ മുന്നേറ്റനിരയിലേക്ക് പരിഗണിക്കുക. ഒമ്പത് മാസത്തിനു ശേഷമാണ് കൂട്ടീഞ്ഞോ തിരിച്ചെത്തുന്നത്. അതേസമയം ഡെമിറാവട്ടെ പ്രീ സീസണിൽ മികച്ച പ്രകടനം നടത്തിയിരുന്നു. എന്നിരുന്നാലും എതിരാളികൾ ബയേൺ ആയതിനാൽ കൂട്ടീഞ്ഞോക്ക് നറുക്ക് വീഴാനാണ് സാധ്യത.
ഏതായാലും പ്രധാന താരങ്ങളുടെ പരിക്കുകൾ കൂമാനെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്.