ടാഗ്ലിയാഫിക്കോ അയാക്സ് വിടുന്നു, പിന്നാലെ വമ്പൻ ക്ലബുകൾ

അയാക്സിന്റെ അർജന്റൈൻ സൂപ്പർ താരം നിക്കോളാസ് ടാഗ്ലിയാഫിക്കോ ക്ലബ്‌ വിടുമെന്നുറപ്പായി. താരത്തിന്റെ ഏജന്റായ റിക്കാർഡോ ശ്ലിപ്പറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ്‌ വിടാനുള്ള അനുമതി താരത്തിന് ലഭിച്ചിട്ടുണ്ടെന്നും ഞങ്ങൾ മറ്റുള്ള ക്ലബുകളുമായുള്ള ചർച്ചയിലാണ് എന്നുമാണ് അദ്ദേഹം അറിയിച്ചത്. കഴിഞ്ഞ ദിവസം റേഡിയോ ഡെൽ പ്ലാറ്റയെ ഉദ്ധരിച്ചു കൊണ്ട് മുണ്ടോ ആൽബിസെലസ്റ്റയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. പുറത്തുവരുന്ന വാർത്തകൾ അനുസരിച്ച് ബാഴ്സയടക്കമുള്ള വമ്പൻ ക്ലബുകൾ താരത്തെ ടീമിലെത്തിക്കാൻ ശ്രമം നടത്തുന്നുണ്ട്.

” ടാഗ്ലിയാഫിക്കോയുടെ ട്രാൻസ്ഫർ ശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഈ വർഷം ക്ലബ്‌ വിടുമെന്നുള്ളത് ഞങ്ങളും അയാക്‌സും തമ്മിൽ ധാരണയായ കാര്യമാണ്. രണ്ടര വർഷം ക്ലബിനോടൊപ്പം താരം ചിലവഴിച്ചു. ഇതാണ് ക്ലബ്‌ വിടാനുള്ള ഉചിതമായ സമയം.ഫുട്ബോൾ സാധാരണഗതിയിലേക്ക് തിരിച്ചു വന്നാൽ താരത്തിന്റെ ട്രാൻസ്ഫർ നടക്കും. ഒരുപാട് ക്ലബുകൾ താരത്തിൽ ആകൃഷ്ടരായിട്ടുണ്ട്. പക്ഷെ ഈ മഹാമാരി ഫുട്ബോൾ തിരിച്ചു വന്നാൽ മാത്രമേ എല്ലാം നടക്കുകയൊള്ളു. ഏത് ക്ലബുകളുമായിട്ടാണ് ഞങ്ങൾ ചർച്ച നടത്തിയതെന്ന് ഞാൻ പറയില്ല. കാരണം എന്തെന്നാൽ പിന്നീട് വരുന്ന അഭ്യൂഹങ്ങളും ഊഹാപോഹങ്ങളും ഞങ്ങളെയും താരത്തെയും മാനസികമായി തളർത്തി കളയും ” താരത്തിന്റെ ഏജന്റ് അഭിമുഖത്തിൽ പറഞ്ഞു.

2018-ലായിരുന്നു താരം അയാക്സിൽ എത്തിയത്. നിലവിൽ അയാക്സിന് വേണ്ടി 99 മത്സരങ്ങൾ കളിച്ച താരം 12 ഗോളുകളും 15 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചു. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ മിന്നും പ്രകടനം കാഴ്ച്ചവെക്കുന്ന താരത്തെ സാമ്പത്തികപ്രതിസന്ധി കാരണമാണ് അയാക്സ് വിട്ടുകളയുന്നത്. നിലവിൽ അഞ്ച് ക്ലബുകളാണ് താരത്തെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത്. മുൻപന്തിയിൽ നിൽക്കുന്നത് ബാഴ്സ തന്നെയാണ്. അർജന്റീന താരങ്ങളായ ടാഗ്ലിയാഫിക്കോയും ലൗറ്ററോയുമാണ് ബാഴ്സയുടെ ലക്ഷ്യങ്ങൾ. പിന്നെ വരുന്നത് പിഎസ്ജിയാണ്. പിന്നെ ചെൽസി, ആഴ്‌സണൽ, അത്ലറ്റികോ മാഡ്രിഡ്‌ എന്നിവരും താരത്തിന് വേണ്ടി ശ്രമങ്ങൾ നടത്തിയതായാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *