പുതിയ താരം പരിക്കേറ്റ് ഒരു മാസം പുറത്ത്, യുവന്റസിന് തിരിച്ചടി!
കഴിഞ്ഞ ആഴ്ച്ചയായിരുന്നു ബ്രസീലിയൻ താരമായ കായോ ജോർഗെയെ തങ്ങൾ സ്വന്തമാക്കിയ വിവരം യുവന്റസ് ഔദ്യോഗികമായി അറിയിച്ചത്. മൂന്ന് മില്യൺ യൂറോക്ക് ബ്രസീലിയൻ ക്ലബായ സാന്റോസിൽ നിന്നായിരുന്നു ഈ സ്ട്രൈക്കർ യുവന്റസിൽ എത്തിയത്. കഴിഞ്ഞ ഉഡിനസിനെതിരെയുള്ള മത്സരത്തിൽ താരത്തിന്റെ സ്ഥാനം ബെഞ്ചിലായിരുന്നു. എന്നാൽ അതിന് ശേഷം നടന്ന പരിശീലനത്തിനിടെ താരത്തിന് പരിക്കേറ്റ വിവരം യുവന്റസ് അറിയിച്ചിട്ടുണ്ട്. താരത്തിന്റെ ഇടതു കാൽതുടക്കാണ് പരിക്കേറ്റിരിക്കുന്നത്. മസിൽ ഇഞ്ചുറിയാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. പത്ത് ദിവസം താരം പുറത്തിരിക്കേണ്ടി വരുമെന്ന് യുവന്റസ് വ്യക്തമാക്കിയിട്ടുണ്ട്.
അതിന് ശേഷം കൂടുതൽ പരിശോധനകൾക്ക് വിധേയമായി വിശദവിവരങ്ങൾ പുറത്ത് വിടുമെന്നാണ് യുവന്റസ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇറ്റാലിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം കായോ ജോർഗെ ഒരു മാസമെങ്കിലും പുറത്തിരിക്കേണ്ടി വരുമെന്നാണ് അറിയാൻ കഴിയുന്നത്. ഇതോടെ താരത്തിന്റെ യുവന്റസ് ജേഴ്സിയിലുള്ള അരങ്ങേറ്റത്തിന് ഇനിയും ഒരുപാട് കാത്തിരിക്കണം.
അതേസമയം ഈ ട്രാൻസ്ഫർ ജാലകത്തിൽ യുവന്റസ് സ്വന്തമാക്കിയ മറ്റൊരു സൂപ്പർ താരമായ മാനുവൽ ലൊക്കാടെല്ലി യുവന്റസിനായി അരങ്ങേറ്റം കുറിച്ചിരുന്നു. ഉഡിനസിനെതിരെയുള്ള മത്സരത്തിന്റെ 89-ആം മിനിറ്റിലായിരുന്നു ലൊക്കാടെല്ലി കളത്തിലേക്ക് ഇറങ്ങിയത്. പക്ഷേ മത്സരത്തിൽ വിജയമധുരം നുണയാൻ യുവന്റസിന് സാധിച്ചിരുന്നില്ല.