സൂപ്പർ താരത്തിന് പരിക്ക്, ബാഴ്‌സക്ക് തിരിച്ചടി!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ കരുത്തരായ എഫ്സി ബാഴ്സലോണ സമനിലയിൽ കുരുങ്ങിയിരുന്നു. അത്ലറ്റിക്ക് ബിൽബാവോയാണ് ബാഴ്‌സയെ സമനിലയിൽ തളച്ചത്. ഈ മത്സരത്തിനിടെ ബാഴ്‌സയുടെ ഡിഫൻഡറായ ജെറാർഡ് പീക്കെക്ക് പരിക്കേറ്റത് ബാഴ്‌സക്ക് തിരിച്ചടിയായിരുന്നു. മത്സരത്തിന്റെ 30-ആം മിനിറ്റിലാണ് പീക്കെക്ക് ഇഞ്ചുറി പിടിപെട്ടത്. തുടർന്ന് താരം കളം വിടുകയും റൊണാൾഡ് അരൗഹോ പകരക്കാരനായി ഇറങ്ങുകയും ചെയ്തിരുന്നു.തുടർന്ന് മത്സരശേഷം താരത്തിന് കാഫ് ഇഞ്ചുറിയാണ് പിടിപെട്ടിരിക്കുന്നത് എന്നുള്ള കാര്യം എഫ്സി ബാഴ്സലോണ സ്ഥിരീകരിച്ചിരുന്നു.പക്ഷേ താരം എത്രകാലം പുറത്തിരിക്കേണ്ടി വരുമെന്നുള്ളത് വ്യക്തമല്ല.
LATEST NEWS | @3gerardpique has discomfort in his left calf. Further tests are pending to determine the extent of the discomfort. pic.twitter.com/otdecMGe86
— FC Barcelona (@FCBarcelona) August 21, 2021
34-കാരനായ പീക്കെ അവസാനമായി ലാലിഗയിൽ സ്റ്റാർട്ട് ചെയ്ത 13 മത്സരങ്ങളിൽ ആറെണ്ണത്തിലും സബ് ചെയ്യപ്പെട്ടിരുന്നു.എന്നാൽ അതിന് മുമ്പ് 111 മത്സരങ്ങളിലായിരുന്നു പീക്കെ ആറ് തവണ സബ് ചെയ്യപ്പെട്ടത്. ചുരുക്കത്തിൽ താരത്തെ പരിക്ക് ഇപ്പോൾ വല്ലാതെ അലട്ടുന്നുണ്ട് എന്നുള്ളതാണ് യാഥാർഥ്യം. പീക്കെക്ക് ചെറിയ രൂപത്തിലുള്ള അസ്വസ്ഥതകൾ ഉണ്ട് എന്നുള്ള കാര്യം മത്സരത്തിന് മുന്നേ തന്നെ എഫ്സി ബാഴ്സലോണയുടെ പരിശീലകനായ റൊണാൾഡ് കൂമാൻ അറിയിച്ചിരുന്നു.
കഴിഞ്ഞ സീസണിൽ നാല് മാസത്തോളം പരിക്ക് മൂലം പീക്കെ പുറത്തായിരുന്നു.അന്ന് കാൽമുട്ടിനായിരുന്നു പീക്കെക്ക് പരിക്ക് പിടിപെട്ടിരുന്നത്.കേവലം 18 ലാലിഗ മത്സരങ്ങൾ മാത്രമാണ് പീക്കെക്ക് കഴിഞ്ഞ സീസണിൽ കളിക്കാൻ സാധിച്ചിരുന്നുവൊള്ളൂ. ഏതായാലും താരത്തെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയതിന് ശേഷം മാത്രമേ പരിക്കിന്റെ ഗൗരവം വ്യക്തമാവുകയൊള്ളൂ.