രണ്ടാം മത്സരത്തിലും ഗോൾ, ഡീപേക്ക് കൂമാന്റെ പ്രശംസ!
ഇന്നലെ നടന്ന സൗഹൃദമത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു എഫ്സി ബാഴ്സലോണ സ്റ്റുട്ട്ഗർട്ടിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ബാഴ്സയുടെ ആദ്യഗോൾ പിറന്നത് മെംഫിസ് ഡീപേയുടെ ബൂട്ടിൽ നിന്നായിരുന്നു. ഈ സമ്മറിൽ ബാഴ്സയിൽ എത്തിയ താരം തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ കണ്ടെത്തുകയായിരുന്നു.തന്റെ ആദ്യമത്സരത്തിൽ ജിറോണക്കെതിരെ ഗോൾ നേടാനും ഡീപേക്ക് സാധിച്ചിരുന്നു. ഏതായാലും മത്സരശേഷം ഡീപേയെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബാഴ്സയുടെ പരിശീലകനായ റൊണാൾഡ് കൂമാൻ. താൻ ഒരു ഗോൾ സ്കോററാണ് എന്നുള്ളത് അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും ഗ്രീസ് മാനുമായുള്ള താരത്തിന്റെ കൂട്ടുകെട്ട് മികച്ചതാണ് എന്നുമാണ് കൂമാൻ അറിയിച്ചിട്ടുള്ളത്.ഇന്നലത്തെ മത്സരത്തിന് ശേഷം സംസാരിക്കുകയായിരുന്നു ബാഴ്സ പരിശീലകൻ.
” മെംഫിസിനെ കുറിച്ച് ആളുകൾക്കറിയാം, എന്തെന്നാൽ അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയും ലിയോണിന് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ്.ഇന്ന് അദ്ദേഹം ഒരു ഗോൾ സ്കോററാണെന്നും വ്യക്തിഗത മികവിലൂടെ തനിക്ക് ഗോളുകൾ നേടാനാവുമെന്നും അദ്ദേഹം തെളിയിച്ചു കഴിഞ്ഞു.അദ്ദേഹത്തിന്റെ വേഗതയും കരുത്തുമെല്ലാം ടീമിന് മറ്റു പല കാര്യങ്ങളും നൽകും.അന്റോയിൻ ഗ്രീസ്മാനുമായുള്ള ഡീപേയുടെ കൂട്ടുകെട്ട് മികവുറ്റതാണ്.അറ്റാക്കിങ്ങിൽ വ്യത്യസ്ഥ പൊസിഷനിൽ കളിക്കാൻ ഒരുപാട് താരങ്ങൾ ഞങ്ങൾക്കുണ്ട്.ഞങ്ങൾക്കിപ്പോൾ സെർജിയോ അഗ്വേറോയുണ്ട്. കൂടാതെ മെസ്സി ഉടൻ തന്നെ മടങ്ങി വരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.അത്കൊണ്ട് തന്നെ നല്ല ക്വാളിറ്റിയുള്ള ഒരു അറ്റാക്കിങ് ഞങ്ങൾക്കുണ്ട് ” ഇതാണ് കൂമാൻ താരത്തെ കുറിച്ച് പറഞ്ഞത്.
He was happy with Depay's performance 🤝https://t.co/5sdFrFB5iw
— MARCA in English (@MARCAinENGLISH) July 31, 2021
അതേസമയം ടീമിന്റെ പ്രകടനത്തിലും കൂമാൻ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്. ” ഞങ്ങൾ നല്ല രൂപത്തിലാണ് കളിച്ചത്. ബോൾ പൊസെഷനും ഞങ്ങൾക്ക് അനുകൂലമായിരുന്നു.ആദ്യപകുതിയിൽ മികച്ച രണ്ട് ഗോളുകൾ നേടാൻ ഞങ്ങൾക്കായി.മത്സരം നിയന്ത്രണം ഞങ്ങളുടെ കയ്യിൽ തന്നെയായിരുന്നു. കൂടുതൽ ഗോളുകൾ നേടാൻ ഞങ്ങൾക്ക് കഴിയുമായിരുന്നു.മൊത്തത്തിൽ പല താരങ്ങൾക്കും അവസരങ്ങൾ നൽകാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട് എന്നുള്ളത് സന്തോഷകരമായ കാര്യമാണ് ” കൂമാൻ അവസാനിപ്പിച്ചു.