നെയ്മർക്ക് പിറകേ റാമോസിനും ഫൈനൽ നഷ്ടമാവാൻ സാധ്യത!
ഓഗസ്റ്റ് ഒന്നിനാണ് പിഎസ്ജി ട്രോഫി ഡെസ് ചാമ്പ്യൻസ് ഫൈനൽ കളിക്കുന്നത്. കഴിഞ്ഞ തവണ ലീഗ് വൺ കിരീടം സ്വന്തമാക്കിയ ലില്ലിയാണ് പിഎസ്ജിയുടെ എതിരാളികൾ. നിലവിൽ അവധി ആഘോഷത്തിലുള്ള സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർക്കും മാർക്കിഞ്ഞോസിനും ഈ ഫൈനൽ നഷ്ടമാവുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഓഗസ്റ്റ് രണ്ടാം തിയ്യതിയാണ് നെയ്മർ പിഎസ്ജിക്കൊപ്പം ചേരുക. അതേസമയം സൂപ്പർ താരമായ സെർജിയോ റാമോസിനും ഈ ഫൈനൽ കളിക്കാൻ സാധിക്കില്ല എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുന്നത്.പരിക്കാണ് റാമോസിനെ അലട്ടുന്നത്.പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ പാരീസിയനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Report: Ramos a Doubt for PSG’s 2021 Trophee des Champions Final Against Lille Due to Injury https://t.co/5Jp2fhfsgk
— PSG Talk 💬 (@PSGTalk) July 26, 2021
ചെറിയ രീതിയിലുള്ള കാഫ് ഇഞ്ചുറിയാണ് റാമോസിന് രേഖപ്പെടുത്തിയിട്ടുള്ളത്.താരം മെഡിക്കൽ സ്റ്റാഫിന് കീഴിൽ ചികിത്സ തേടുകയും ചെയ്തിട്ടുണ്ട്. പിഎസ്ജി അടുത്ത സൗഹൃദമത്സരം കളിക്കുന്നത് സ്പാനിഷ് ക്ലബായ സെവിയ്യക്കെതിരെയാണ്. തന്റെ മുൻ ക്ലബായ സെവിയ്യക്കെതിരെയുള്ള മത്സരത്തിൽ റാമോസ് കളിക്കില്ല എന്നുള്ളത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഫൈനൽ മത്സരം കളിക്കുന്ന കാര്യമാവട്ടെ സംശയത്തിലുമാണ്. ഇതുവരെ പിഎസ്ജി ജേഴ്സിയിൽ അരങ്ങേറാൻ റാമോസിന് സാധിച്ചിരുന്നില്ല. ഓഗസ്റ്റ് എട്ടാം തിയ്യതിയാണ് പിഎസ്ജി ലീഗ് വണ്ണിലെ ആദ്യമത്സരം കളിക്കുന്നത്. ഈ മത്സരത്തിലെങ്കിലും താരം കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.