സൂപ്പർ താരം ബാഴ്‌സയിലേക്ക് തന്നെ,സ്ഥിരീകരിച്ച് കൂമാൻ!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരുപിടി താരങ്ങളെ എത്തിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് എഫ്സി ബാഴ്സലോണ പ്രസിഡന്റ്‌ ജോയൻ ലാപോർട്ട അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി അർജന്റൈൻ സ്‌ട്രൈക്കർ സെർജിയോ അഗ്വേറോ, ഡിഫൻഡർ എറിക് ഗാർഷ്യ, ബ്രസീലിയൻ താരം എമേഴ്സൺ എന്നിവരൊക്കെ ബാഴ്‌സയിലെത്തിയിരുന്നു. പരിശീലകൻ റൊണാൾഡ് കൂമാൻ ലക്ഷ്യം വെച്ചിരുന്ന വൈനാൾഡത്തെ ബാഴ്‌സക്ക് നഷ്ടമായിരുന്നു. പിഎസ്ജിയാണ് താരത്തെ റാഞ്ചിയത്. എന്നാൽ ഡച്ച് സ്‌ട്രൈക്കർ മെംഫിസ് ഡീപേ ബാഴ്‌സയിലേക്ക് തന്നെ എത്തുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് പരിശീലകൻ റൊണാൾഡ് കൂമാൻ.ഡീപേ ഇതുവരെ സൈൻ ചെയ്തിട്ടില്ലെന്നും എന്ന ഉടൻ തന്നെ ഉണ്ടാവുമെന്നുമാണ് കൂമാൻ അറിയിച്ചത്.മാർക്കയാണ് അദ്ദേഹത്തിന്റെ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

” മെംഫിസ് ഡീപേ അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ച് ചില കാര്യങ്ങൾ എന്നോട് സംസാരിച്ചിരുന്നുവെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു.ഞാൻ അറിഞ്ഞിടത്തോളം അദ്ദേഹം ആ വഴിയിലാണ്. ഇതുവരെ അദ്ദേഹം ബാഴ്‌സയിൽ സൈൻ ചെയ്തിട്ടില്ല. എന്നാൽ ഡീപേ അതിന്റെ തൊട്ടരികിലാണ്.അദ്ദേഹത്തെ ജനുവരിയിൽ എത്തിക്കാനായിരുന്നു എന്റെ ആഗ്രഹം.അദ്ദേഹം ബാഴ്‌സയിലെത്തുകയാണെങ്കിൽ അത്‌ ഞങ്ങൾക്ക് ഗുണകരമായ കാര്യമാണ് ” കൂമാൻ പറഞ്ഞു.

അതേസമയം ബാഴ്‌സയിലേക്ക് തന്നെയാണെന്ന സൂചന ഡീപേയും നൽകിയിരുന്നു.ഹോളണ്ടിന്റെ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് ഡീപേ ഇതേകുറിച്ച് സംസാരിച്ചത്.” ഞാൻ ബാഴ്‌സയുമായി ചർച്ചകൾ നടത്തുന്നു എന്നുള്ള കാര്യം എല്ലാവർക്കുമറിയാം.ഞാൻ റൊണാൾഡ് കൂമാനൊപ്പം കളിക്കാൻ ആഗ്രഹിക്കുന്നു.പക്ഷേ ഇപ്പോൾ കാത്തിരിക്കേണ്ട സമയമാണ്. വൈകാതെ തന്നെ ആ വാർത്ത നിങ്ങളെ തേടിയെത്തും ” ഡീപേ പറഞ്ഞു. ഏതായാലും വൈനാൾഡത്തെ പോലെ ഡീപേയെ നഷ്ടപ്പെടില്ല എന്ന ആശ്വാസത്തിലാണ് ബാഴ്സ ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *