ഗോളുമായി സ്റ്റെർലിംഗ്, ക്രോയേഷ്യയെ കീഴടക്കി ഇംഗ്ലണ്ട് തുടങ്ങി!

യൂറോ കപ്പിലെ ആദ്യ മത്സരം വിജയിച്ചു കൊണ്ട് ഇംഗ്ലണ്ട് തങ്ങളുടെ വരവറിയിച്ചു.അല്പം മുമ്പ് ഗ്രൂപ്പ്‌ ഡിയിൽ നടന്ന മത്സരത്തിൽ കരുത്തരായ ക്രോയേഷ്യയെയാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്.രണ്ടാം പകുതിയിൽ റഹീം സ്റ്റെർലിംഗ് നേടിയ ഏകഗോളിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് വിലപ്പെട്ട മൂന്ന് പോയിന്റുകൾ കരസ്ഥമാക്കിയത്.

ഹാരി കെയ്ൻ, മൗണ്ട്, സ്റ്റെർലിംഗ്,ഫോഡൻ എന്നീ അപകടകാരികളായ താരങ്ങളെ അണിനിരത്തിയാണ് പരിശീലകൻ സൗത്ത്ഗേറ്റ് ആദ്യഇലവൻ പുറത്ത് വിട്ടത്. മറുഭാഗത്ത്‌ മോഡ്രിച്ച്, കൊവാസിച്ച്, റെബിച്ച്, പെരിസിച്ച് എന്നീ സൂപ്പർ താരങ്ങളും അണിനിരന്നു. ആദ്യപകുതിയിൽ ഫോഡന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടിയതൊഴിച്ചാൽ കാര്യമായ മുന്നേറ്റങ്ങൾ ഉണ്ടായില്ല.എന്നാൽ രണ്ടാം പകുതിയുടെ 57-ആം മിനുട്ടിലാണ് ഇംഗ്ലണ്ടിന്റെ വിജയഗോൾ പിറക്കുന്നത്.ഫിലിപ്സ് നടത്തിയ മുന്നേറ്റത്തിനൊടുവിൽ സ്റ്റെർലിംഗ് വെല്ലുവിളികളെ അതിജീവിച്ച് ഫിനിഷ് ചെയ്യുകയായിരുന്നു. പിന്നീട് ഇരുടീമുകളും ഗോളുകൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ ഈ സ്‌കോറിൽ മത്സരം അവസാനിച്ചു.ഇനി അടുത്ത മത്സരത്തിൽ ഇംഗ്ലണ്ട് സ്കോട്ട്ലാന്റിനെ നേരിടുമ്പോൾ ക്രോയേഷ്യ ചെക്കിനെ നേരിടും.

Leave a Reply

Your email address will not be published. Required fields are marked *