എല്ലാ ഫുട്ബോൾ ഫാൻസും ക്രിസ്റ്റ്യാനോയെ ഇഷ്ടപ്പെടുന്നുണ്ട് : എംബപ്പേ!

ഈ വരുന്ന യൂറോ കപ്പിനുള്ള ഒരുക്കത്തിലാണ് ഫ്രാൻസിന്റെ സൂപ്പർ സ്‌ട്രൈക്കർ കിലിയൻ എംബപ്പേ. എന്നാൽ ഇത്തവണ ഫ്രാൻസിന് കാര്യങ്ങൾ ഒട്ടും എളുപ്പമാവില്ല. ജർമ്മനി, പോർച്ചുഗൽ എന്നിവർ അടങ്ങുന്ന മരണഗ്രൂപ്പിലാണ് ഫ്രാൻസിന്റെ സ്ഥാനം. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ യൂറോ കപ്പിൽ നേരിടേണ്ടതിന്റെ ആവേശത്തിലാണ് കിലിയൻ എംബപ്പേ. റൊണാൾഡോയെ കുറിച്ച് മനസ്സ് തുറന്ന് സംസാരിക്കാൻ സമയം കണ്ടെത്തിയിരിക്കുകയാണിപ്പോൾ താരം.ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോലെയൊരു കരിയർ ഉണ്ടാവണമെന്നുള്ളത് കുട്ടിക്കാലം തൊട്ടേയുള്ള ഒരു സ്വപ്നമായിരുന്നുവെന്നും ലോകത്തുള്ള എല്ലാ ഫുട്ബോൾ ഫാൻസും ഇഷ്ടപ്പെടുന്ന താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നാണ് എംബപ്പേ അഭിപ്രായപ്പെട്ടിരിക്കുന്നത്.താരത്തിന്റെ വാക്കുകൾ ഡയാരിയോ ഒലെയാണ് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

” ക്രിസ്റ്റ്യാനോ റൊണാൾഡോ ചരിത്രം കുറിച്ച താരമാണ്. ഞാൻ എന്റെ കരിയറിന്റെ തുടക്കത്തിലാണ്. അത്കൊണ്ട് തന്നെ താരതമ്യങ്ങൾക്ക് പ്രസക്തിയില്ല. എന്റെ കുട്ടിക്കാലത്ത് ഞാനൊരുപാട് സ്വപ്നങ്ങൾ കണ്ടിരുന്നു. അതിലൊന്നായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ പോലെ ഒരു കരിയർ ഉണ്ടാവുക എന്നുള്ളത്. റൊണാൾഡോ കളിക്കുമ്പോൾ കളി കാണുന്ന എല്ലാവരും അതിൽ മുഴുകിയിരിക്കും. കഴിഞ്ഞ 15 വർഷമായി ഇതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. എനിക്ക് തോന്നുന്നത് എല്ലാ ഫുട്ബോൾ ഫാൻസും ക്രിസ്റ്റ്യാനോയെ ഇഷ്ടപ്പെടുന്നുണ്ട്.എല്ലാ താരങ്ങളും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. റൊണാൾഡോye പോലെ വളരെ കുറച്ചു താരങ്ങൾ മാത്രമേ ഉള്ളൂ. അദ്ദേഹത്തിന്റെ കളി കണ്ട് ഒരുപാട് കാര്യങ്ങൾ ഞാൻ പഠിക്കാറുണ്ട് ” എംബപ്പേ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *