വില കൂടിയ വാച്ചുകളും തന്റെ കാറും,മാഞ്ചസ്റ്റർ സിറ്റി സ്റ്റാഫുകൾക്ക് അഗ്വേറോയുടെ സമ്മാനം!

ദിവസങ്ങൾക്ക് മുമ്പായിരുന്നു മാഞ്ചസ്റ്റർ സിറ്റി ഇതിഹാസതാരം സെർജിയോ അഗ്വേറോ തന്റെ ക്ലബ്ബിനോട് വിടപറഞ്ഞത്. പത്ത് വർഷക്കാലം ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന അഗ്വേറോ ഫ്രീ ഏജന്റായി കൊണ്ട് എഫ്സി ബാഴ്സലോണയിലേക്ക് ചേക്കേറുകയായിരുന്നു. താരം ബാഴ്‌സയുമായി കരാറിൽ ഒപ്പ് വെച്ചതിനു ശേഷം അർജന്റൈൻ ക്യാമ്പിൽ എത്തിയിരുന്നു. എന്നാൽ സിറ്റിയോട് വിടപറയുന്നതിന് മുമ്പ് ക്ലബ്ബിലെ തന്റെ സ്റ്റാഫ് അംഗങ്ങൾക്ക് സ്നേഹസമ്മാനം നൽകിയിരിക്കുകയാണ് അഗ്യൂറോ. വിലകൂടിയ വാച്ചുകളും തന്റെ കാറുമാണ് അഗ്വേറോ സമ്മാനിച്ചിരിക്കുന്നത്. മാർക്കയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

മാഞ്ചസ്റ്റർ സിറ്റിയുടെ ഫസ്റ്റ് ടീമിൽ വർക്ക്‌ ചെയ്യുന്ന അറുപതോളം വരുന്ന അംഗങ്ങൾക്കാണ് അഗ്വേറോ വാച്ച് സമ്മാനിച്ചിരിക്കുന്നത്.1100 യൂറോയോളം വില വരുന്ന വാച്ച് ആണ് അഗ്വേറോ തന്റെ സഹപ്രവർത്തകർക്ക് സമ്മാനിച്ചത്.അവരുടെ സേവനങ്ങൾക്ക് നന്ദി അർപ്പിച്ചു കൊണ്ടാണ് ഇത്‌ സമ്മാനിച്ചിരിക്കുന്നത്. കൂടാതെ തന്റെ കാറും സമ്മാനിക്കാൻ അഗ്വേറോ തീരുമാനിച്ചു. 50000 യൂറോ വില വരുന്ന റേഞ്ച് റോവർ കാറാണ് അഗ്വേറോ സമ്മാനിക്കുക. എല്ലാവർക്കും ഓരോ ടിക്കറ്റ് അഗ്വേറോ സമ്മാനിച്ചിട്ടുണ്ട്. ഇതിൽ നിന്നും നറുക്കെടുത്ത് ലഭിക്കുന്ന ഭാഗ്യശാലിക്കായിരിക്കും ഈ കാർ ലഭിക്കുക.കൂടാതെ വലിയൊരു തുക താരം സംഭാവന ചെയ്തതായും റിപ്പോർട്ടുകൾ ഉണ്ട്.ഏതായാലും ഏറെ കയ്യടി നേടിയ പ്രവർത്തിയാണ് അഗ്വേറോയുടെ ഭാഗത്തു നിന്നുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *