യുവന്റസ് വിടുകയാണ്, ക്രിസ്റ്റ്യാനോ തന്റെ സഹതാരങ്ങളെ അറിയിച്ചു?

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ താൻ യുവന്റസ് വിടാൻ ആഗ്രഹിക്കുന്നുവെന്നുള്ള കാര്യം സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ സഹതാരങ്ങളെ അറിയിച്ചതായി റിപ്പോർട്ട്‌.സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം ഫുട്ബോൾ ലോകത്തെ അറിയിച്ചിരിക്കുന്നത്. താൻ ക്ലബ് വിടുകയാണ് എന്നുള്ള കാര്യം ക്രിസ്റ്റ്യാനോ ഡ്രസ്സിംഗ് റൂമിനെ അറിയിച്ചു എന്നാണ് ഇവരുടെ അവകാശവാദം.ക്രിസ്റ്റ്യാനോ യുവന്റസ് വിട്ടേക്കുമെന്നുള്ള റൂമറുകൾ പ്രചരിച്ചു കൊണ്ടിരിക്കെയാണ് അതിന് ശക്തി കൂട്ടിക്കൊണ്ട് ഇത്തരത്തിലുള്ള ഒരു വാർത്ത മാർക്ക ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഈ സീസണിലെ യുവന്റസിന്റെ മോശം പ്രകടനമാണ് റൊണാൾഡോയെ ക്ലബ് വിടാൻ പ്രേരിപ്പിക്കുന്ന ഘടകം.

36-കാരനായ താരത്തിന് ഒരു വർഷം കൂടി യുവന്റസുമായുള്ള കരാർ അവശേഷിക്കുന്നുണ്ട്. എന്നാൽ ഈ സീസണോട് കൂടി തന്നെ ക്ലബ് വിടാനാണ് ക്രിസ്റ്റ്യാനോ ആഗ്രഹിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്.പക്ഷേ താരം ഏത് ക്ലബ്ബിലേക്ക് ചേക്കേറുമെന്നുള്ളത് ഇപ്പോഴും അവ്യക്തമാണ്. താരത്തിന്റെ മുൻ ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡ്, സ്പോർട്ടിംഗ് ലിസ്ബൺ എന്നീ പേരുകളാണ് നിലവിൽ ഉയർന്നു കേൾക്കുന്നത്. ഇറ്റലിയിലെ തന്റെ ലക്ഷ്യങ്ങൾ താൻ പൂർത്തീകരിച്ചു കഴിഞ്ഞെന്ന് ക്രിസ്റ്റ്യാനോ തന്റെ അവസാനത്തെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. മാത്രമല്ല എല്ലാവർക്കും നന്ദി പറയാനും ക്രിസ്റ്റ്യാനോ റൊണാൾഡോ മറന്നിരുന്നില്ല. ഇതെല്ലാം ചേർത്തുവായിക്കുമ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസ് വിടാനുള്ള സാധ്യതകൾ വർധിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *