കൂമാന്റെ സ്ഥാനം തെറിച്ചേക്കും, പകരക്കാരായി പരിഗണിക്കുന്നത് ഇവരെ!

കഴിഞ്ഞ ലാലിഗ മത്സരത്തിൽ സെൽറ്റ വിഗോയോട് അട്ടിമറി തോൽവി ഏറ്റുവാങ്ങിയതോടെ ഈ സീസണിൽലെ ബാഴ്സയുടെ കിരീടപ്പോരാട്ടം അവസാനിച്ചിരുന്നു. വളരെ മോശം പ്രകടനമാണ് സമീപകാലത്ത് ബാഴ്സയുടെ ഭാഗത്തുനിന്ന് ഉണ്ടായത് എന്നുള്ളത് ബാഴ്സയുടെ ആരാധകർ പോലും സമ്മതിക്കുന്ന കാര്യമാണ്. അവസാന അഞ്ച് മത്സരങ്ങളിൽ നിന്ന് കേവലം ഒരു മത്സരത്തിൽ മാത്രമാണ് സൂപ്പർ താരം ലയണൽ മെസ്സി ഉൾപ്പെടുന്ന താരനിരയ്ക്ക് വിജയിക്കാൻ സാധിച്ചത്. അത്ലറ്റിക്കോയോടും ലെവാന്റെയോടും സമനില വഴങ്ങിയ ബാഴ്‌സ ഗ്രനാഡയോടും സെൽറ്റ വിഗോയോടും പരാജയപ്പെടുകയായിരുന്നു. ഇതോടെ ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാന്റെ ഭാവി ഏകദേശം തീരുമാനമായ മട്ടാണ്. ബാഴ്സയുടെ ഈ മോശം പ്രകടനത്തിൽ അതൃപ്തി പ്രകടിപ്പിച്ച ലാപോർട്ട കൂമാനെ പുറത്താക്കിയേക്കുമെന്നുള്ള വാർത്തകൾ സ്പാനിഷ് മാധ്യമങ്ങളിൽ ഇപ്പോൾ സജീവമാണ്.

നിലവിൽ ബാഴ്സയുമായി ഒരു വർഷം കൂടി കൂമാന് കരാർ അവശേഷിക്കുന്നുണ്ട്. കോപ്പ ഡെൽ റേ കിരീടനേട്ടത്തോടെ കൂമാൻ അടുത്ത വർഷവും തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടതെങ്കിലും ലീഗിലെ ഈ മോശംപ്രകടനം കൂമാന്റെ ഭാവി അവതാളത്തിലാക്കുകയായിരുന്നു. ഏതായാലും കൂമാന് പകരക്കാരനായി ബാഴ്സ 3 പേരെയാണ് പരിഗണിക്കുന്നത് എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ബാഴ്‌സയുടെ ഇതിഹാസതാരമായ സാവി,ബാഴ്‌സ ബിയുടെ പരിശീലകനായ ഫ്രാൻസിസ്‌കോ ഹവിയർ ഗാർഷ്യ പിമിനേറ്റ,ലിവർപൂൾ പരിശീലകൻ യുർഗൻ ക്ലോപ് എന്നിവരാണ് ലാപോർട്ടയുടെ ലിസ്റ്റിൽ ഉള്ളവർ. ഏതായാലും എയ്ബറിനെതിരെയുള്ള മത്സരത്തിന് ശേഷം ഈ വിഷയങ്ങളിൽ നിർണായകതീരുമാനം ബാഴ്സ കൈകൊണ്ടേക്കും.

Leave a Reply

Your email address will not be published. Required fields are marked *