അവസരം മുതലെടുത്ത് കൊണ്ട് റാമോസിനെ റാഞ്ചാൻ പിഎസ്ജി!

റയൽ മാഡ്രിഡ്‌ നായകനും പ്രതിരോധനിരയിലെ സൂപ്പർ താരവുമായ സെർജിയോ റാമോസിന്റെ ക്ലബുമായുള്ള കരാർ അടുത്ത മാസത്തോട് കൂടി അവസാനിക്കും. താരത്തിന്റെ കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇതുവരെ ഒരു പുരോഗതിയും കണ്ടിട്ടില്ല.താരത്തിന്റെ നിബന്ധനകൾ ക്ലബ് അംഗീകരിക്കാത്തതാണ് കരാർ പുതുക്കുന്നതിന് തടസ്സമായി നിൽക്കുന്നത് എന്നാണ് ഡയാറിയോ എഎസ് റിപ്പോർട്ട്‌ ചെയ്യുന്നത്. സാലറി വർധനവും രണ്ട് വർഷത്തെ കരാറുമാണ് നിലവിൽ റാമോസിന്റെ ആവിശ്യം.എന്നാൽ 35-കാരനായ റാമോസിന് ഒരു വർഷത്തെ കരാർ മാത്രമാണ് റയൽ ഓഫർ ചെയ്യുന്നത്. ഇതാണ് റാമോസ് കരാർ പുതുക്കാതിരിക്കാനുള്ള കാരണം.

ഈയൊരു അവസരം മുതലെടുക്കാനൊരുങ്ങി നിൽക്കുകയാണ് ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജി.ഫ്രീ ഏജന്റ് ആവുന്ന താരത്തെ ക്ലബ്ബിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്ജി. താരത്തിന്റെ നിബന്ധനകൾ അംഗീകരിക്കാൻ പിഎസ്ജി തയ്യാറാണ്. രണ്ട് വർഷത്തെ കരാർ പിഎസ്ജി ഓഫർ ചെയ്തേക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്.റാമോസ് ഇത്‌ സ്വീകരിക്കാനുള്ള സാധ്യതകൾ വർധിച്ചു വരികയാണ്. അതിനുള്ള സൂചനകളും താരം നൽകി കഴിഞ്ഞിരുന്നു. പിഎസ്ജി സൂപ്പർ താരം നെയ്മർ ജൂനിയർ കരാർ പുതുക്കിയതിന് റാമോസ് പരസ്യമായി അഭിനന്ദനങ്ങൾ അർപ്പിച്ചിരുന്നു. മാത്രമല്ല ഒട്ടേറെ പിഎസ്ജി താരങ്ങളെ റാമോസ് സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുകയും ചെയ്തിരുന്നു. ഇതെല്ലാം തന്നെ റാമോസ് പിഎസ്ജിയിലേക്ക് എന്ന റൂമറിനെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *