മാഴ്‌സെലോയെ പുറത്തിരുത്തിയത് താനുമായുള്ള പ്രശ്നം കാരണമോ? പ്രതികരിച്ച് സിദാൻ!

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ്‌ ഗ്രനാഡയെ തകർത്തു വിട്ടത്. പ്രമുഖ താരങ്ങളുടെ അഭാവത്തിലും മിന്നുന്ന പ്രകടനമാണ് റയൽ നിര കാഴ്ച്ചവെച്ചത്. ഇതോടെ ലീഗിലെ കിരീടപ്രതീക്ഷകൾ സജീവമാക്കാനും റയലിന് സാധിച്ചു. എന്നാൽ മത്സരത്തിനുള്ള സ്‌ക്വാഡിൽ സൂപ്പർ താരം മാഴ്‌സെലോക്ക് ഇടം ലഭിച്ചിരുന്നില്ല. പരിശീലന സിദാനുമായി വാക്ക്തർക്കത്തിലേർപ്പെട്ടു എന്ന കാരണത്താൽ സിദാൻ താരത്തെ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കി എന്നായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തത്. എന്നാൽ അതിൽ വാസ്തവമില്ലെന്നും മാഴ്‌സെലോക്ക് ചെറിയ തോതിൽ പരിക്കുണ്ടായിരുന്നുവെന്നും അതിനാലാണ് താരത്തെ പുറത്തിരുത്തിയത് എന്നുമാണ് സിദാൻ ഈ വിഷയത്തിൽ പ്രതികരിച്ചത്.

“മാഴ്‌സെലോക്ക് ചെറിയ പരിക്കിന്റെ പ്രശ്നമുണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തെ കാര്യത്തിൽ റിസ്ക്ക് എടുക്കാൻ ഞങ്ങൾ തയ്യാറായില്ല. അതിനാലാണ് അദ്ദേഹത്തെ പുറത്തിരുത്തിയത്.അതിൽ കൂടുതലായി മറ്റൊന്നുമില്ല ” സിദാൻ മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഇന്നലത്തെ ആദ്യ ഇലവനിൽ ഇടം നേടാൻ യുവതാരങ്ങളായ മിഗേൽ ഗുട്ടിറസ്, മർവിൻ പാർക് എന്നിവർക്ക് സാധിച്ചിരുന്നു. ഇരുവരും ഓരോ അസിസ്റ്റുമായി മിന്നിതിളങ്ങുകയും ചെയ്തു. ഈ യുവതാരങ്ങളെ പ്രശംസിക്കാനും സിദാൻ സമയം കണ്ടെത്തി.

” മിഗേലും മർവിനും എല്ലാവരും മികച്ച പ്രകടനമാണ് നടത്തിയത്. ഞങ്ങൾ അർഹിച്ച വിജയമാണ് സ്വന്തമാക്കിയത്.മാഴ്‌സെലോയുടെയും മെന്റിയുടെയും അഭാവമാണ് മിഗേലിന് കളിക്കാൻ അവസരം നൽകിയത്. പക്ഷേ അദ്ദേഹം അസാധാരണപ്രകടനമാണ് നടത്തിയത്.അദ്ദേഹത്തിന്റെ കാര്യത്തിൽ എനിക്ക് സന്തോഷമുണ്ട്.മർവിന് ചെറിയ പരിക്കുണ്ട്. പക്ഷേ പേടിക്കാനൊന്നുമില്ല ” സിദാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *