കോവിഡ്:ഫിഫ ബെസ്റ്റ് പുരസ്കാരങ്ങൾ ഉപേക്ഷിച്ചു
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഫിഫ ബെസ്റ്റ് പുരസ്കാരങ്ങളും ചടങ്ങുകളും ഉപേക്ഷിച്ചതായി റിപ്പോർട്ടുകൾ. പ്രമുഖസ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വരുന്ന സെപ്റ്റംബറിൽ മിലാനിൽ വെച്ച് നടത്താനായിരുന്നു ഫിഫ തീരുമാനിച്ചിരുന്നത്. ഇതാണ് ഇപ്പൊ ഉപേക്ഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഇക്കാര്യത്തിന് സമ്മതിച്ചതായും മാർക്ക പറയുന്നു. മുൻപ് ഫിഫയുടെ തന്നെ അണ്ടർ 17, അണ്ടർ 20 വുമൺസ് വേൾഡ് കപ്പ്, ഫുട്സാൽ വേൾഡ് കപ്പ് എന്നിവയൊക്കെ തന്നെയും മാറ്റിവച്ചിരുന്നു.
ഈ ഡിസംബറിൽ അബൂദാബിയിൽ വെച്ച് നടത്താൻ ഉദ്ദേശിക്കുന്ന ഫിഫ വേൾഡ് കപ്പ് മാത്രമാണ് നിലവിൽ ഫിഫ ഉപേക്ഷിക്കാതെ നിലനിർത്തിയിരിക്കുന്നത്. ലീഗ് വൺ പോലുള്ള ലീഗുകൾ ഉപേക്ഷിച്ചതിനാൽ ഫിഫയുടെ പുരസ്കാരങ്ങൾ നൽകേണ്ടതില്ല എന്നാണ് തീരുമാനമെന്ന് മാർക്കയുടെ റിപ്പോർട്ട് പറയുന്നത്. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗികതീരുമാനം വന്നിട്ടില്ല. അത്പോലെ തന്നെ യുവേഫ അവാർഡുകൾ, ബാലൺ ഡിയോർ എന്നിവയെ സംബന്ധിച്ച് ഒന്നും തന്നെ തീരുമാനങ്ങൾ പുറത്തുവന്നിട്ടില്ല.