ലാലിഗ നേരത്തെ തുടങ്ങുന്നു, പ്രതിഷേധവുമായി പിക്വെ
കഴിഞ്ഞ ദിവസമായിരുന്നു ലാലിഗ പ്രസിഡന്റ് ഹവിയർ ടെബാസ് ലാലിഗ പുനരാരംഭിക്കാൻ ഉദ്ദേശിക്കുന്ന തിയ്യതിയെ പറ്റി നിർദേശം തന്നത്. ആദ്യം തീരുമാനിച്ച തിയ്യതിയിൽ നിന്നും നേരത്തെയാണ് പുതുക്കിയ തിയ്യതി. ജൂൺ ഇരുപതിന് നിശ്ചയിച്ചിരുന്നുവെങ്കിലും അത് കുറച്ചു നേരത്തെയാക്കി ജൂൺ പന്ത്രണ്ടിന് പുതുക്കി നിശ്ചയിക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് ബാഴ്സ സൂപ്പർ താരം ജെറാർഡ് പിക്വെ. ലാലിഗ ദൃതിപ്പെട്ട് തുടങ്ങരുതെന്നും അത് താരങ്ങളുടെ ആരോഗ്യത്തിനെയും ഫിറ്റ്നസിനെയും സാരമായി ബാധിക്കുമെന്നാണ് പിക്വെയുടെ വാദം. തങ്ങൾക്ക് തിരക്കില്ലെന്നും ലാലിഗ ദൃതിപ്പെടേണ്ട ആവശ്യമില്ലെന്നും പിക്വെ അറിയിച്ചു.
” ജൂൺ പന്ത്രണ്ടിന് തുടങ്ങുന്നതിനോട് വിയോജിപ്പൊന്നുമില്ല. പക്ഷെ ഇത് കേവലം നമ്പറുകളെ ആശ്രയിച്ചല്ല ഇരിക്കുന്നത്. ഇത് താരങ്ങളുടെ ആരോഗ്യത്തെയാണ് ആശ്രയിക്കുന്നത്. താരങ്ങൾക്ക് ഒരിക്കലും തന്നെ തിരക്കില്ല. എത്രയും പെട്ടന്ന് തന്നെ സീസൺ അവസാനിപ്പിക്കാനുള്ള ലാലിഗയുടെ താല്പര്യം ഞാൻ മനസിലാക്കുന്നു. പക്ഷെ അവിടെ ഒരുപാട് അപകടസാധ്യതകൾ ഉണ്ട്. പ്രത്യേകിച്ച് താരങ്ങളുടെ കാര്യത്തിൽ. അവർക്ക് ഫിറ്റ്നസ് കൈവരുത്താൻ കൂടുതൽ സമയം ആവിശ്യമാണ്. അതല്ലെങ്കിൽ പരിക്ക് ഭീഷണി എല്ലാ താരങ്ങൾക്കുമുണ്ടാകും ” പിക്വെ മൂവിസ്റ്റാറിനോട് പറഞ്ഞു.