34 മത്സരങ്ങൾ, 34 കോമ്പിനേഷനുകൾ,എല്ലാം പിർലോ സ്വയം വരുത്തിവെച്ച വിന!

ഇറ്റാലിയൻ സീരി Aയിൽ ഇത്തവണ 4 റൗണ്ട് മത്സരങ്ങൾ ശേഷിക്കെ ഇൻ്റർ മിലാൻ കിരീടം ചൂടി. കഴിഞ്ഞ ഒമ്പത് സീസണുകളിലും കിരീടം കൈവശം വെച്ച യുവെൻ്റസിന് ഇത് നിരാശജനകമായ സീസണായിരുന്നു. 34 മത്സരങ്ങളിൽ നിന്നും 69 പോയിൻ്റുകളുള്ള അവരിപ്പോൾ ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്. രണ്ടാമതുള്ള അറ്റലാൻ്റക്കും നാലാമതുള്ള AC മിലാനും ഇതേ പോയിൻ്റുകളാണുള്ളത്. അതേ സമയം 67 പോയിൻ്റുമായി നാപ്പോളി തൊട്ടുപുറകിലുണ്ട്. അതായത് 4 റൗണ്ട് മത്സരങ്ങൾ മാത്രം ശേഷിക്കെ അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പില്ല എന്നർത്ഥം! ഇത്തവണയും ചാമ്പ്യൻസ് ലീഗിൻ്റെ പ്രീ ക്വാർട്ടറിൽ പുറത്തായ യുവെൻ്റസിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനാവാതെ പോയാൽ അത് വലിയ തിരിച്ചടിയായിരിക്കും. ഈ സീസണിൻ്റെ തുടക്കത്തിൽ പരിശീലക സ്ഥാനം ഏറ്റെടുത്ത ഇതിഹാസ താരം പിർലോയുടെ പിഴവുകളാണ് ടീമിനെ ഈ അവസ്ഥയിലെത്തിച്ചത് എന്നാണ് ഇറ്റാലിയൻ മാധ്യമമായ ലാ ഗസെറ്റ ഡെല്ലോ സ്‌പോർട്ടിൻ്റെ (La Gazzetta dello Sport) വിലയിരുത്തൽ. അവരുടെ വിമർശനത്തിൻ്റെ പ്രധാന ഭാഗം താഴെ ചേർക്കുന്നു:

ആൻഡ്രിയ പിർലോയുടെ കീഴിൽ ഒരു ഐഡന്റിറ്റി കണ്ടെത്തുന്നതിൽ യുവന്റസ് പരാജയപ്പെട്ടു. പരിശീലകൻ എന്ന നിലയിൽ അരങ്ങേറ്റ സീസണിലെ 34 മത്സരങ്ങളിൽ 34 വ്യത്യസ്ത കോമ്പിനേഷനുകളാണ് അദ്ദേഹം ഉപയോഗിച്ചത്! ഇത് ടീമിനെ സ്ഥിരത കൈവരിക്കുന്നതിൽ നിന്നും തടഞ്ഞു എന്ന് മാത്രമല്ല താരങ്ങൾക്ക് റോൾ ക്ലാരിറ്റി നഷ്ടമാക്കാൻ ഇടയാക്കുകയും ചെയ്തു. ഉദാഹരണമയി ഡാനിലോയുടെ കാര്യമെടുക്കാം, ബ്രസീലിയൻ താരം ചില മത്സരങ്ങളിൽ ലെഫ്റ്റ് ബാക്കായും ചില കളികളിൽ റൈറ്റ് ബാക്കായും ചിലപ്പോൾ സെൻ്റർ ബാക്കായും അപൂർവ്വം ചില മത്സരങ്ങളിൽ മിഡ്ഫീൽഡറായുമാണ് കളിച്ചത്. പല താരങ്ങളുടെയും അവസ്ഥ ഇത് തന്നെയായിരുന്നു.
പിർലോയുടെ കീഴിൽ പലപ്പോഴും യുവെൻ്റസ് ടീം വർക്കിനേക്കാൾ കൂടുതൽ പ്രധാന്യം കൊടുത്തത് ചില താരങ്ങളുടെ വ്യക്തിഗത മികവിനായിരുന്നു.

പരിശീലകനായിരുന്ന 34 മത്സരങ്ങളിൽ ഒരിക്കൽ പോലും തുടർച്ചയായ രണ്ട് മത്സരങ്ങളിൽ ഒരേ ലൈനപ്പോ ടീം കോമ്പിനേഷനോ ഉപയോഗിക്കാൻ പിർലോക്ക് കഴിയാതെ പോയത് ടീമിൽ ആശയക്കുഴപ്പമുണ്ടാക്കി എന്ന് ഇറ്റാലിയൻ മാധ്യമം (La Gazzetta dello Sport) വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *