തോക്കിൻമുനയിൽ നിന്ന് കാനറിപ്പടയുടെ നെറുകയിലേക്ക്
” എന്റെ കൂട്ടുക്കാരിലധികവും തെരുവുകളിലെ മയക്കുമരുന്ന് വിൽപ്പനക്കാരായിരുന്നു. എന്തെന്നാൽ അവർക്ക് വളരെ വേഗത്തിൽ, ഒരുപാട് പണം സമ്പാദിക്കണമായിരുന്നു. അവർ എന്നെയും ക്ഷണിച്ചു. അവരെന്നോട് എപ്പോഴും പറയുമായിരുന്നു.. പെൺകുട്ടികളെപ്പോലെയാവാതെ ഇതൊക്കെയൊന്ന് വലിച്ചു നോക്കടെ…. ഞങ്ങളോടൊപ്പം വന്ന് നിനക്കിത് വിറ്റ് എളുപ്പത്തിൽ പണം സമ്പാദിക്കുകയും ചെയ്യാമെന്ന്… പക്ഷെ ഞാനവരുടെ വാക്കുകൾക്ക് ചെവിനൽകിയില്ല. എനിക്കറിയാമായിരുന്നു അത് തെറ്റാണെന്ന്. ഞാനെന്റെ അമ്മയെ സഹായിച്ചു.. തെരുവുകളിൽ ചോക്ലേറ്റും ഐസ്ക്രീമും വിറ്റു നടന്നു. കാറുകൾ കഴുകി വൃത്തിയാക്കി എന്റെ നിത്യവൃത്തിക്കുള്ള പണം കണ്ടെത്തി ” ഒരു നെടുവീർപ്പോടെയാണ് റീചാർലീസൺ ഇത് പറഞ്ഞു നിർത്തിയത്. അതേ.. ഇത് അദ്ദേഹത്തിന്റെ ജീവിതം തന്നെയാണ്. ഇന്നിപ്പോൾ ബ്രസീലിലും എവർട്ടണിലും നമ്മെ വിസ്മയിപ്പിക്കുന്ന റിച്ചാർലീസണിന്റെ കഥ.
ഒട്ടുമിക്ക ബ്രസീലിയൻ താരങ്ങളുടെ കുട്ടിക്കാലം പോലെ തന്നെ അരക്ഷിതാവസ്ഥകളും പ്രതിസന്ധികളും മാത്രം കൂട്ടിനുണ്ടായിരുന്ന ഒരു ബാല്യകാലം റീചാർലീസണിനുമുണ്ടായിരുന്നു. തോക്കിൻ മുനകൾക്കിടയിൽ നിന്നും വെടിയൊച്ചകൾക്കിടയിലും നിന്നും ഉയർന്നു വന്ന ഒരു കുട്ടിക്കാലം. 1997 മെയ് പത്തിന് ബ്രസീലിലെ നോവ വെനീസിയയിലാണ് റിച്ചാർലീസൺ ജന്മം കൊള്ളുന്നത്. അച്ഛൻ കല്പണിക്കാരനും അമ്മ ഐസ്ക്രീം വില്പനക്കാരിയുമായിരുന്നു. രണ്ടു പേരും തൊഴിൽ ചെയ്തിരുന്നുവെങ്കിലും അതൊന്നും കുടുംബത്തിന് സാമ്പത്തികഅഭിവൃദ്ധി നേടികൊടുത്തിരുന്നില്ല. ഫലമോ ചെറുപ്രായത്തിൽ തന്നെ റീചാർലീസണും ഉപജീവനമാർഗം തേടിയിറങ്ങി. ആ തെരുവിൽ വഴിതെറ്റാതെ ജീവിക്കുക എന്നതായിരുന്നു റീചാർലീസൺ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. മയക്കുമരുന്ന് വില്പനക്കാരായിരുന്നു റീചാർലീസണിന്റെ കൂട്ടുകാരിലധികവും. അവർ അവനെയും ക്ഷണിച്ചു. തെറ്റും ശരിയും തിരിച്ചറിഞ്ഞ റീചാർലീസൺ ആ ക്ഷണം നിരസിച്ചു. അമ്മയോടൊപ്പം തെരുവികളിലുടനീളം നടന്ന് അവൻ ഐസ്ക്രീമും ചോക്ലേറ്റും വിറ്റുനടന്നു. തുച്ഛമായ വരുമാനമാണെങ്കിലും അവൻ അതിൽ സന്തോഷം കണ്ടെത്തി. ബാക്കി വരുന്ന തുക അവൻ സ്വരൂപിച്ചു വെക്കുകയും ചെയ്തു. മകൻ വഴിതെറ്റുമോ എന്ന് ഭയന്ന ആ അമ്മ അവനെ ദിവസവും ഉപദേശിച്ചു. അമ്മയുടെ ഉപദേശങ്ങൾ അക്ഷരംപ്രതി അനുസരിച്ച റീചാർലീസൺ വെല്ലുവിളികളെയൊക്കെ അതിജീവിക്കാൻ തുടങ്ങി.
പെട്രോളിയം-സ്റ്റീൽ ഉൽപന്നങ്ങൾക്കും മനോഹരമായ ബീച്ചുകൾക്കും പേരുകേട്ട നോവ വെനീസിയയിലാണ് റീചാർലീസൺ വളർന്നത്. അങ്ങനെ തന്റെ ഏഴാം വയസ്സിൽ പിതാവ് റിച്ചാർലീസണിലെ ഫുട്‍ബോളറെ കണ്ടെത്തി. ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അച്ഛനെ കണ്ട് കുഞ്ഞുറിച്ചാർലീസൺ അമ്പരന്നു. ഫുട്‍ബോളായിരുന്നു അച്ഛന്റെ കയ്യിൽ. ഒന്നും രണ്ടുമല്ല.. പത്തെണ്ണം… സന്തോഷം കൊണ്ട് തുള്ളിച്ചാടിയ അവൻ അച്ഛനെ വാരിപ്പുണർന്നു. പിറ്റേന്ന് മുതൽ ജോലിത്തിരക്കുകൾക്കിടയിലും അവൻ ഫുട്‍ബോളിനായി സമയം കണ്ടെത്തി. ആ ഫവേലകളിൽ സുഹൃത്തുക്കളോടൊപ്പം പന്ത് തട്ടി അവൻ വളർന്നു. അന്ന് മുതലേ അവന്റെയുള്ള ഒരു മോഹം പൂവിട്ടിരുന്നു. പ്രീമിയർ ലീഗിൽ പന്ത് തട്ടണം. ഫുട്ബോൾ ആരാധകനായ അമ്മാവനോടൊപ്പം പ്രീമിയർ ലീഗ് ടിവിയിൽ കാണുന്നതിനിടെ ഒരു ദിവസം അവന്റെ മനസ്സ് മന്ത്രിച്ചു.. ഒരുനാൾ നീയും അവിടെ പന്ത് തട്ടും…
തന്റെ പതിനാലാം വയസ്സിലാണ് റിച്ചാർലീസൺ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെ നേരിട്ടത്. റിച്ചാർലീസൺ മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങൾ. ഗ്രൗണ്ടിൽ കളിച്ചു കൊണ്ടിരിക്കെ ഒരു മയക്കുമരുന്നു സംഘം അവർക്ക് നേരെ പാഞ്ഞെടുത്തു. എന്ത് ചെയ്യണമെന്നറിയാതെ റിച്ചാർലീസണും കൂട്ടുകാരും പകച്ചു നിന്നു. കൊള്ളസംഘങ്ങളും മയക്കുമരുന്നു സംഘങ്ങളും അവർക്ക് നവ്യാനുഭമായിരുന്നില്ല. പക്ഷെ തോക്കുമായി ദേഷ്യത്തോടെ തങ്ങൾക്ക് നേരെ വരുന്ന ആ കാപാലികസംഘത്തെ കണ്ടു റിച്ചാർലീസൺ ഞെട്ടിവിറച്ചു. റിച്ചാർലീസണ് നേരെ സംഘത്തിന്റെ തലവൻ തോക്ക് ചൂണ്ടി. ആരാണ് മയക്കുമരുന്ന് മോഷ്ടിച്ചത് എന്നായിരുന്നു ചോദ്യം. റിച്ചാർലീസണും കൂട്ടുകാരും തങ്ങളല്ലെന്ന് കരഞ്ഞു പറഞ്ഞു. തങ്ങൾ കേവലം ഫുട്ബോൾ കളിക്കുന്ന കുട്ടികൾ മാത്രമാണെന്നും ഇതുമായി ബന്ധമില്ലെന്നും ആവർത്തിച്ചു പറഞ്ഞതോടെ സംഘതലവൻ തോക്ക് മാറ്റി. പിന്നീട് ആ തെരുവ് വിട്ട റിച്ചാർലീസൺ പിന്നീടൊരിക്കലും ആ തെരുവിലേക്ക് പോയിട്ടില്ല. ഈ ഞെട്ടിക്കുന്ന ജീവിതാനുഭവം പങ്കുവെച്ചത് റിച്ചാർലീസൺ തന്നെയാണ്.
ബ്രസീലിലെ പ്രാദേശികക്ലബായ റയൽ നോറോസ്റ്റയിൽ കളിക്കുന്ന സമയത്താണ് അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ് സംഭവിച്ചത്. അവിടുത്തെ ഒരു ബിസിനസ്മാനായിരുന്നു റെനാറ്റോ വെലാസ്കോ റിച്ചാർലീസണിലെ പ്രതിഭയെ തിരിച്ചറിഞ്ഞു. ആ മനുഷ്യൻ അവന് വിലകൂടിയ ബൂട്ടുകൾ വാങ്ങിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു. നിന്നെ ഞാൻ സഹായിക്കാൻ പോവുകയാണ്. കാരണം നിനക്കതിനുള്ള ക്വാളിറ്റിയുണ്ട്. അദ്ദേഹം അവനെ ബ്രസീലിലെ സെക്കന്റ് ഡിവിഷൻ ക്ലബായ അമേരിക്ക മിനെയ്റോ എത്തിച്ചു. തന്റെ കയ്യിലുള്ള പണം മുഴുവൻ ചിലവഴിച്ചായിരുന്നു ബെലോ ഹൊറിസോണ്ടയിൽ ആ സെലക്ഷന് വേണ്ടി അവൻ എത്തിച്ചേർന്നത്. കളിയുടെ ബാലപാഠങ്ങൾ അവിടെ നിന്നവൻ കരസ്ഥമാക്കി.
തന്റെ അരങ്ങേറ്റമത്സരത്തിൽ തന്നെ പകരക്കാരന്റെ വേഷത്തിലിറങ്ങിയ അവൻ വലകുലുക്കി. പതിനേഴ് ദിവസങ്ങൾക്ക് ശേഷം അവന്റെ കരാർ ക്ലബ് വീണ്ടും പുതുക്കി. 2015-ൽ ബ്രസീലിലെ ഫസ്റ്റ് ഡിവിഷൻ ക്ലബായ ഫ്ലുമിനെൻസിന് വേണ്ടി സൈൻ ചെയ്‌തെങ്കിലും അരങ്ങേറ്റത്തിന് വേണ്ടി 2016 വരെ കാത്തിരുന്നു. ഫ്ലുമിനെൻസിന് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച താരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളുടെ ദൃഷ്ടി പതിഞ്ഞു. അങ്ങനെ 2017-ൽ വാട്ട്ഫോർഡ് പരിശീലകൻ മാർകോ സിൽവയുടെ വിളി റിച്ചാർലീസണിനെ തേടിയെത്തി. മറുഭാഗത്ത് അയാക്‌സും താരത്തിന് വേണ്ടി പരിശ്രമം തുടങ്ങിയിരുന്നു. എന്നാൽ ഏത് തിരഞ്ഞെടുക്കണം എന്ന കാര്യത്തിൽ റിച്ചാർലീസണിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നിരുന്നില്ല. അങ്ങനെ ആ വർഷം തന്നെ താരം ഇംഗ്ലണ്ടിലെത്തി. പ്രീമിയർ ലീഗിൽ കളിക്കുക എന്ന താരത്തിന്റെ ചിരകാലാഭിലാഷം അവിടെ പൂവണിഞ്ഞു. ഇംഗ്ലണ്ടിലെത്തിയ റിച്ചാർലീസണെ സഹായിച്ചത് വില്യനായിരുന്നു. ഒരു സീസണിന് ശേഷം എവർട്ടൺ താരത്തെ റാഞ്ചി. മികച്ച പ്രകടനവുമായി എവർട്ടണിലെ സ്ഥിരസാന്നിധ്യമാണ് താരം.
ബ്രസീലിന്റെ അണ്ടർ 20 ജേഴ്‌സിയിൽ കളിച്ച താരം വൈകാതെ തന്നെ ബ്രസീലിന്റെ സീനിയർ ജേഴ്സിയണിഞ്ഞു. അമേരിക്കക്കെതിരായ സൗഹൃദമത്സരത്തിൽ ബ്രസീലിന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം എൽ സാൽവദോറിനെതിരായ മത്സരത്തിൽ ഇരട്ടഗോൾ നേടിക്കൊണ്ട് തന്റെ കരുത്ത് തെളിയിച്ചു. ഒടുക്കം കഴിഞ്ഞ കോപ്പ അമേരിക്കയുടെ ഫൈനലിൽ മാരക്കാനയിലെ എഴുപതിനായിരം വരുന്ന കാണികളെ സാക്ഷിയാക്കി തൊണ്ണൂറാം മിനുട്ടിൽ പെറുവിന്റെ ശവപ്പെട്ടിയിൽ അവസാനആണി തറച്ചത് ഇതേ റിച്ചാർലീസൺ തന്നെയായായിരുന്നു. തോക്കിന്റെ മുൾമുനയിൽ നിന്ന് സാംബാപ്പടയുടെ നെറുകയിലേക്കുള്ള താരത്തിന്റെ വളർച്ച കേവലം അഞ്ച് വർഷങ്ങൾക്കുള്ളിൽ സംഭവിച്ച ഒന്നായിരുന്നു.
താൻ പന്ത്തട്ടുന്ന ടീമിനോട് വലിയ തോതിൽ ആത്മാർത്ഥതയും സ്നേഹവും വെച്ചുപുലർത്തുന്ന താരങ്ങളിലൊരാണ് റിച്ചാർലീസൺ. ബ്രസീലിന്റെ കോപ്പ അമേരിക്ക ടീമിലേക്ക് ടിറ്റെയുടെ വിളി വന്നപ്പോൾ ആഘോഷിച്ച താരത്തിന്റെ വീഡിയോകളൊക്കെ തന്നെയും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരുന്നു. തന്നിലർപ്പിച്ച ഉത്തരവാദിത്തം നിറവേറ്റാൻ വേണ്ടി തന്നാലാവുംവിധം പരിശ്രമിക്കുന്ന റിച്ചാർലീസണെ ഒരുപാട് തവണ നമ്മൾ കളിക്കളത്തിൽ കണ്ടതാണ്. ഒടുക്കം കോപ്പ അമേരിക്കയുടെ ഫൈനലിൽ നേടിയ പെനാൽറ്റി ഗോളിന് ശേഷമുള്ള ആ ആഘോഷം താരത്തിന്റെ ടീമിനോടുള്ള അളവറ്റ സ്നേഹത്തിന്റെ ഉത്തമോദാഹരണമാണ്. ജേഴ്‌സിയൂരി വായുവിലുയർന്നു പൊങ്ങിയുള്ള താരത്തിന്റെ ആഘോഷം ആ കിരീടനേട്ടത്തിന് ഇരട്ടിമധുരമാണ് നൽകിയത്.
ബ്രസീലിനോടൊപ്പം ഒരു വേൾഡ് കപ്പിൽ മുത്തമിടുക എന്നതാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്ന് റിച്ചാർലീസൺ സാക്ഷ്യപ്പെടുന്നു. കരുത്തുറ്റ ഹെഡ്ഡറുകളും ഷോട്ടുകളും റിച്ചാർലീസൺ എന്ന താരത്തെ കൂടുതൽ അപകടകാരിയാക്കുന്നു. ഉത്തരവാദിത്യബോധവും ക്ഷമയും പ്രായോഗികചിന്തയും റിച്ചാർലീസണ് മുതൽകൂട്ടാണ്. വളരെ വേഗത്തിൽ ഫുട്‍ബോളിന്റെ മുഖ്യധാരയിലേക്ക് കടന്നുവന്ന അപൂർവം താരങ്ങളിലൊരാളാണ് റിച്ചാർലീസൺ. പതിനാറ് വയസ്സ് വരെ വലിയ തോതിൽ ലക്ഷ്യബോധമില്ലാതെ പന്ത് തട്ടിയ താരത്തിന്റെ വളർച്ച പിന്നീട് ദ്രുതഗതിയിലായിരുന്നു. ഇന്നിപ്പോൾ ഇരുപത്തിമൂന്നു വയസ്സാകുമ്പോൾ എവെർട്ടണിനും ബ്രസീലിനും ഓർക്കാനുള്ള ചില മധുരിതനിമിഷങ്ങൾ താരം നൽകികഴിഞ്ഞു.
എഴുതിയത് : മുർഷിദ് രാമൻകുളം