ഗോൾകീപ്പറുടെ മുഖത്ത് ചവിട്ടി,ക്രിസ്റ്റ്യാനോക്ക് റെഡ് കാർഡ് നൽകണമായിരുന്നുവെന്ന് കാഗ്ലിയാരി പ്രസിഡന്റ്‌!

ഇന്നലെ സിരി എയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് യുവന്റസ് കാഗ്ലിയാരിയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 32 മിനുട്ടുകൾക്കുള്ളിൽ തന്നെ റൊണാൾഡോ ഹാട്രിക്ക് നേടിക്കൊണ്ട് യുവന്റസിന്റെ വിജയമുറപ്പിച്ചിരുന്നു.10,25,32 മിനുട്ടുകളിലാണ് റൊണാൾഡോ വലകുലുക്കിയത്. എന്നാൽ മത്സരത്തിന്റെ 12-ആം മിനിറ്റിൽ റൊണാൾഡോ ഒരു ഫൗൾ ചെയ്തിരുന്നു. ബോക്സിലേക്ക് വന്ന ഒരു ക്രോസ് ഗോളാക്കി മാറ്റാനുള്ള ശ്രമത്തിനിടെ താരം കാഗ്ലിയാരി ഗോൾകീപ്പർ ക്രാഗ്നോയുടെ മുഖത്ത് ചവിട്ടുകയായിരുന്നു. ഫലമായി താരത്തിന്റെ മുഖത്ത് ചോര പൊടിയുകയും ചെയ്തു. ഇതിനെ തുടർന്ന് റൊണാൾഡോക്ക് റഫറി യെല്ലോ കാർഡ് നൽകിയിരുന്നു.

എന്നാൽ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് കാഗ്ലിയാരി പ്രസിഡന്റ്‌ ജിയൂലിനി. അത്‌ സ്ട്രൈറ്റ് റെഡ് കാർഡ് അർഹിക്കുന്നതാണ് എന്നും വളരെ അപകടകരമായ രീതിയിലാണ് റൊണാൾഡോ കളിച്ചത് എന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ആരോപണം. മത്സരശേഷം സ്കൈ സ്പോർട്സ് ഇറ്റാലിയയോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ” സത്യത്തിൽ ഞങ്ങളുടെ താരങ്ങൾ ഈ മത്സരത്തെ സമീപിച്ച രീതിയിൽ ഞാൻ അസ്വസ്ഥനാണ്.പക്ഷെ അതിനും മുകളിൽ എന്നെ അലട്ടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആ സംഭവവികാസമായിരുന്നു. യഥാർത്ഥത്തിൽ അത്‌ സ്ട്രൈറ്റ് റെഡ് അർഹിക്കുന്നുണ്ട്. അങ്ങനെയാണേൽ കളി മാറിയേനെ.അതൊരു അപകടകരമായ രീതിയിലുള്ള കളിയായിരുന്നു.ഗോൾകീപ്പറെ റിസ്ക്കിലേക്ക് തള്ളിയിടുകയാണ് ചെയ്തത്.തീർച്ചയായും അത്‌ റെഡ് കാർഡ് അർഹിക്കുന്നു. അങ്ങനെയാണ് നിയമത്തിൽ പറയുന്നത് ” കാഗ്ലിയാരി പ്രസിഡന്റ്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *