സിരി എ, പ്ലാൻ ബി കണ്ടുവെച്ച് അധികൃതർ
സിരി എ ഉപേക്ഷിക്കേണ്ട സാഹചര്യം വന്നാൽ ആ അവസരത്തിൽ നടപ്പിലാക്കേണ്ട പ്ലാൻ ബി കണ്ടുവെച്ച് അധികൃതർ. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സ് ഇറ്റാലിയയുടെ റിപ്പോർട്ടിലാണ് ലീഗ് ഉപേക്ഷിക്കേണ്ടി വന്നാൽ എന്ത് ചെയ്യാമെന്ന കാര്യത്തിൽ അധികൃതർ പുതിയൊരു തീരുമാനം കൈകൊണ്ടത്. സിരി എ പുനരാരംഭിക്കാനുള്ള നടപടികൾ വേഗത്തിൽ നടക്കുന്നുണ്ടെങ്കിലും ഒരുപാട് സങ്കീർണതകൾ ഇറ്റലിയിലുണ്ട്. കഴിഞ്ഞ ദിവസം ഇറ്റാലിയൻ സ്പോർട്സ് മന്ത്രിയായ വിൻസെൻസൊ സ്പഡാഫോറ അധികൃതർക്ക് കർശനനിർദേശങ്ങൾ നൽകിയിരുന്നു. ഗവണ്മെന്റ് നിർദേശിക്കുന്ന മെഡിക്കൽ പ്രോട്ടോകോൾ മുഴുവനായും അനുസരിക്കാതെ ഒരു കാരണവശാലും ലീഗ് പുനരാരംഭിക്കാൻ അനുമതി നൽകില്ലെന്ന് തീർത്തു പറഞ്ഞിരുന്നു.
ഇതിനെ തുടർന്ന് സിരി എ താരങ്ങളുടെ അസോസിയേഷൻ, പരിശീലകരുടെ അസോസിയേഷൻ, റഫറിമാരുടെ അസോസിയേഷൻ എന്നിവരുടെ പ്രതിനിധികളെ വീഡിയോ കോൺഫറൻസിലൂടെ ബന്ധപ്പെടുകയും നിർണായകതീരുമാനം കൈക്കൊള്ളുകയും ചെയ്തു. ആദ്യത്തെ തീരുമാനത്തിൽ നിന്ന് ചെറിയ വിത്യാസങ്ങളാണ് എടുത്തിരിക്കുന്നത്. ആദ്യത്തേതിൽ ലീഗ് ഉപേക്ഷിക്കേണ്ടി വന്നാൽ റെലഗെഷൻ നടപ്പിലാക്കില്ലായിരുന്നു. മറിച്ച് സിരി ബിയിൽ നിന്ന് രണ്ട് ടീമുകൾക്ക് പ്രൊമോഷൻ നൽകി അടുത്ത സീസണിൽ 22 ടീമുകളെ കളിപ്പിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പ്ലാൻ ബിയിൽ റെലെഗേഷനും പ്രൊമോഷനും ഉണ്ടാവും. അതായത് നിലവിലെ പോയിന്റ് അടിസ്ഥാനത്തിൽ രണ്ട് ടീമുകൾക്ക് ലീഗിൽ നിന്ന് പുറത്തുപോവേണ്ടി വരികയും സിരി ബിയിൽ രണ്ട് ടീമുകൾ സിരി എയിലേക്ക് എത്തുകയും ചെയ്യും. ഇതാണ് പ്ലാൻ ബി ആയി ഇന്നലെ അധികൃതർ അംഗീകരിച്ചത്.