ഓസിലിന്റെ പകരക്കാരനെ റയൽ മാഡ്രിഡിൽ കണ്ടെത്തി ആഴ്സണൽ!

ദിവസങ്ങൾക്ക്‌ മുമ്പായിരുന്നു ആഴ്സണലിന്റെ സൂപ്പർ താരം മെസ്യൂട്ട് ഓസിൽ ക്ലബ് വിട്ട് തുർക്കിയിലേക്ക്‌ ചെക്കേറിയത്. ആറു മാസം കൂടി കരാർ അവശേഷിക്കെയാണ് ഗണ്ണേഴ്സിന്റെ ഏറ്റവും കൂടുതൽ സാലറി വാങ്ങുന്ന താരം ഫെനർബാഷേയിലേക്ക് ചേക്കേറിയത്. ഏതായാലും ഓസിലിന്റെ പകരക്കാരനെ റയൽ മാഡ്രിഡിൽ നിന്ന് തന്നെ കണ്ടെത്തിയിരിക്കുകയാണ് ആഴ്സണൽ. ഏഴ് വർഷങ്ങൾക്ക്‌ മുമ്പ് ഓസിൽ റയൽ മാഡ്രിഡിൽ നിന്നായിരുന്നു ആഴ്സണലിൽ എത്തിയത്. ഇപ്പോഴിതാ മാർട്ടിൻ ഒഡീഗാർഡിനെയാണ് ഗണ്ണേഴ്‌സ്‌ തങ്ങളുടെ തട്ടകത്തിൽ എത്തിക്കാനൊരുങ്ങുന്നത്. ഒട്ടുമിക്ക മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

ആറു മാസത്തെ ലോൺ കാലാവധിയിലായിരിക്കും ഒഡീഗാർഡ് ആഴ്സണലിൽ എത്തുക. താരത്തെ വാങ്ങാനുള്ള ഓപ്ഷൻ റയൽ നൽകിയേക്കില്ല. അതായത് അടുത്ത സീസണിൽ താരം റയലിൽ തിരിച്ചെത്തുമെന്ന് സാരം. കഴിഞ്ഞ സീസണിൽ റയൽ സോസിഡാഡിന് വേണ്ടി 36 മത്സരങ്ങളിൽ നിന്ന് 7 ഗോളുകളും 9 അസിസ്റ്റുകളും നേടിയതിനെ തുടർന്ന് റയൽ താരത്തെ തിരികെ എത്തിക്കുകയായിരുന്നു. എന്നാൽ സിദാൻ അവസരങ്ങൾ നൽകാത്തതോടെ താരം ക്ലബ് വിടാൻ അനുമതി തേടുകയും റയൽ നൽകുകയുമായിരുന്നു. ഈ സീസണിൽ 9 മത്സരങ്ങൾ മാത്രമാണ് താരം കളിച്ചത്. താരത്തെ ക്ലബ്ബിൽ എത്തിക്കാൻ സോസിഡാഡ് ഉണ്ടായിരുന്നുവെങ്കിലും ഇത്തവണ താരം ആഴ്സണൽ തിരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *