മെസ്സിക്കൊപ്പം അഗ്വേറൊയെക്കൂടി ടീമിലെത്തിക്കാൻ പിഎസ്ജി !

പിഎസ്ജിയുടെ പരിശീലകനായി അർജന്റൈൻ കോച്ച് മൗറിസിയോ പോച്ചെട്ടിനോ കൂടി എത്തിയതോടെ മെസ്സി പിഎസ്ജിയിലേക്കെന്ന അഭ്യൂഹങ്ങൾ വ്യാപകമായിരുന്നു. നെയ്മറും പോച്ചെട്ടിനോയും ചേർന്നു കൊണ്ട് അടുത്ത സീസണിൽ ഫ്രീ ഏജന്റ് ആവുന്ന മെസ്സിയെ ടീമിലെത്തിക്കാൻ ശ്രമിക്കുമെന്നായിരുന്നു വാർത്തകൾ. ഏതായാലും മെസ്സിക്കൊപ്പം മറ്റൊരു അർജന്റൈൻ സ്‌ട്രൈക്കറെ കൂടി ടീമിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്ജിയും പോച്ചെട്ടിനോയും. മാഞ്ചസ്റ്റർ സിറ്റിയുടെ ഗോൾ മെഷീൻ സെർജിയോ അഗ്വേറൊയെയാണ് പിഎസ്ജിയിൽ എത്തിക്കാൻ പോച്ചെട്ടിനോ താല്പര്യപ്പെടുന്നത്. സ്പാനിഷ് മാധ്യമമായ ഡയാറിയോ എഎസ് ഉൾപ്പടെ പ്രമുഖമാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഈ വരുന്ന സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റുമാരാവുന്ന രണ്ട് താരങ്ങളാണ് മെസ്സിയും അഗ്വേറൊയും. ഇരുവരെയും ഒരുമിച്ചെത്തിക്കാനാണ് പിഎസ്ജിയുടെ പദ്ധതികൾ എന്നാണ് വാർത്ത.

തന്റെ ശൈലിക്ക്‌ ഏറ്റവും കൂടുതൽ അനുയോജ്യനായ താരമാണ് അഗ്വേറൊ എന്നാണ് പോച്ചെട്ടിനോ ക്ലബ്ബിന്റെ സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോയെ അറിയിച്ചിട്ടുള്ളത്. മോയ്സെ കീൻ, മൗറോ ഇകാർഡി എന്നിവരേക്കാൾ പോച്ചെട്ടിനോക്ക്‌ താല്പര്യം അഗ്വേറൊയോട് ആണ്. ഇതിനാൽ തന്നെ അഗ്വേറൊയെ എത്തിക്കുകയാണെങ്കിൽ ഈ രണ്ട് താരങ്ങളിൽ ഒരാൾ ക്ലബ് വിടും എന്നുറപ്പാണ്. മാത്രമല്ല, വേതനത്തിന്റെ പ്രശ്നങ്ങൾ കാരണം കിലിയൻ എംബാപ്പെയെയും പിഎസ്ജി ഒഴിവാക്കാൻ സാധ്യതയുണ്ട്. താരം കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതികരണങ്ങൾ ഒന്നും അറിയിച്ചിട്ടില്ല. ഏതായാലും ഈ സൂപ്പർ താരങ്ങൾ പിഎസ്ജിയിൽ എത്തുമോ എന്നുള്ളത് കണ്ടറിയേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *