ഓസിൽ ആഴ്സണൽ വിടുന്നു? ഏജന്റ് പറയുന്നത് ഇങ്ങനെ !

ഇന്നലെയായിരുന്നു ആഴ്സണൽ സൂപ്പർ താരം മെസ്യൂട്ട് ഓസിൽ തുർക്കിഷ് ക്ലബായ ഫെനർബാഷേയുമായി കരാറിൽ എത്തിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്. ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ചില മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരുന്നു. നിലവിൽ ഈ സീസണിൽ ഗണ്ണേഴ്‌സിന് വേണ്ടി ഒരൊറ്റ മത്സരം പോലും കളിക്കാൻ ഓസിലിന് സാധിച്ചിട്ടില്ല. പ്രീമിയർ ലീഗിനുള്ള സ്‌ക്വാഡിൽ നിന്നും യൂറോപ്പ ലീഗിനുള്ള സ്‌ക്വാഡിൽ നിന്നും താരത്തെ പരിശീലകൻ ആർട്ടെറ്റ തഴയുകയായിരുന്നു. ഈ ജനുവരി ട്രാൻസ്ഫറിൽ താരം ക്ലബ് വിടുമെന്നും ഫെനർബാഷേ, ഡിസി യുണൈറ്റഡ് എന്നീ രണ്ട് ക്ലബുകളിൽ ഒന്നിലേക്ക് താരം കൂടുമാറുമെന്നായിരുന്നു വാർത്തകൾ ഉണ്ടായിരുന്നത്. ഇക്കാര്യങ്ങളോട് പ്രതികരണമറിയിച്ചിരിക്കുകയാണ് താരത്തിന്റെ ഏജന്റ് ആയ ഡോക്ടർ എർകുട്ട് സോഗട്ട്. താരം ആഴ്സണലിൽ തന്നെ സമ്മർ വരെ തുടരാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഇപ്പോൾ ക്ലബ് വിടാനുള്ള സാധ്യതകൾ കൂടി വരികയാണ് എന്നാണ് ഇദ്ദേഹം അറിയിച്ചത്.പത്ത് ദിവസത്തിനുള്ളിൽ തീരുമാനം കൈകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

” ജനുവരി ഒന്നിന് മുമ്പ് മറ്റുള്ള ക്ലബുകളുമായി ചർച്ച നടത്താൻ നിയമപരമായി ഞങ്ങൾക്ക്‌ അനുവാദമില്ലായിരുന്നു. ഏതൊക്കെ ക്ലബുകൾ ഞങ്ങളെ സമീപിച്ചു എന്ന് പറയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. പക്ഷെ ഞങ്ങൾ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. മെസ്യൂട്ടിന് അനുയോജ്യമായ ഒരു ക്ലബ്ബിനെ കണ്ടെത്തണം. ആഴ്സണലിൽ തന്നെ തുടരാൻ ആയിരുന്നു ഓസിൽ മുൻഗണന നൽകിയിരുന്നത്. പക്ഷെ ഫുട്ബോളിൽ കാര്യങ്ങൾ പെട്ടന്നാണ് മാറിമറിയുന്നത്. ഇപ്പോൾ അദ്ദേഹം ക്ലബ് വിടാൻ സാധ്യത കൂടുതലാണ്. പക്ഷെ ജനുവരിയിൽ ക്ലബ് വിടണമെങ്കിൽ ആഴ്സണലിനോട് സംസാരിക്കുകയും അവരുടെ അനുവാദം ലഭിക്കുകയും വേണം. സമ്മർ ട്രാൻസ്ഫറിൽ ആണെങ്കിൽ അതിന്റെ ആവിശ്യമില്ല. ഏതായാലും സാഹചര്യങ്ങളെ വിലയിരുത്തി ഉചിതമായ തീരുമാനം കൈക്കൊള്ളും.ഏതായാലും പത്ത് ദിവസത്തിനുള്ളിൽ ഇതുണ്ടാവും ” ഏജന്റ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *