താൻ ഉരുളകിഴങ്ങിന്റെ ചാക്കല്ലെന്ന് ഇവാൻ റാക്കിറ്റിച്ച്

ബാഴ്സയിലെ തന്റെ ഭാവി അവതാളത്തിലാണെന്ന് തുറന്നുപറഞ്ഞ് ഇവാൻ റാക്കിറ്റിച്ച്. താനൊരു ഉരുളകിഴങ്ങിന്റെ ചാക്ക് അല്ലെന്നും തനിക്ക് തന്റേതായ മൂല്യമുണ്ടെന്നും തുറന്നടിച്ചു കൊണ്ട് റാക്കിറ്റിച്ച് പറഞ്ഞു. കഴിഞ്ഞ ദിവസം കറ്റാലൻ മാധ്യമമായ മുണ്ടോ ഡീപോർട്ടീവോക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. മെസ്സിയുമായി ബന്ധപ്പെട്ട ചെറിയ വിവാദങ്ങൾ നിലനിൽക്കെയാണ് റാകിറ്റിച്ചിന്റെ പ്രസ്താവന.

” ഞാനൊരു ഉരുളക്കിഴങ്ങിന്റെ ചാക്കല്ല. എന്റെ ഭാവി എവിടെയായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. എനിക്ക് എവിടെയാണോ ഏറ്റവും കൂടുതൽ മൂല്യം ലഭിക്കുന്നത്, അവിടെയാണ് ഞാനുണ്ടാവുക. അത് ബാഴ്സയിൽ ആണെങ്കിൽ ഞാൻ ഇവിടെ തന്നെ തുടർന്നേക്കും. അത് എന്നെ സന്തോഷവാനാക്കും. അല്ല എന്നുണ്ടെങ്കിൽ ഞാൻ മറ്റെവിടേക്കെങ്കിലും പോവും. എന്തായാലും എവിടേക്ക് പോവണം, എവിടെ നിൽക്കണം എന്നുള്ളത് ഞാനായിരിക്കും തീരുമാനിക്കുക ” റാക്കിറ്റിച്ച് പറഞ്ഞു.

കുറച്ചു ദിവസങ്ങൾക്ക് മുൻപ് ചെറിയൊരു വിവാദത്തിൽ താരം അകപ്പെട്ടിരുന്നു. ക്രോയേഷ്യ – അർജന്റീന മത്സരത്തിലെ മെസ്സി വീണുകിടന്ന് താൻ മുന്നേറുന്ന ചിത്രം റാക്കിറ്റിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഇതിനെതിരെ വലിയ തോതിൽ മെസ്സി ആരാധകരിൽ നിന്നും പൊങ്കാലയും പ്രതിഷേധവുമെല്ലാം റാകിറ്റിച്ചിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഈയൊരു അവസരത്തിലാണ് റാകിറ്റിച്ച് ഇത്തരമൊരു പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്.

One thought on “താൻ ഉരുളകിഴങ്ങിന്റെ ചാക്കല്ലെന്ന് ഇവാൻ റാക്കിറ്റിച്ച്

Leave a Reply

Your email address will not be published. Required fields are marked *