ഗോൾവേട്ട തുടർന്ന് സുവാരസ്, മുൻ സൂപ്പർ താരത്തിന്റെ റെക്കോർഡിനൊപ്പമെത്തി !

തന്റെ ഗോളടി മികവിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് ഒരിക്കൽ കൂടി ലൂയിസ് സുവാരസ് തെളിയിച്ചിരിക്കുന്നു. ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അത്‌ലെറ്റിക്കോ മാഡ്രിഡ്‌ ഗെറ്റാഫെയെ തകർത്തു വിട്ടത്.മത്സരത്തിലെ വിജയഗോൾ നേടിയത് ലൂയിസ് സുവാരസായിരുന്നു. മത്സരത്തിന്റെ ഇരുപതാം മിനുട്ടിൽ യാനിക്ക്‌ കരാസ്ക്കൊയുടെ അസിസ്റ്റിൽ നിന്നാണ് താരം ഗോൾ നേടിയത്. ഈ സീസണിൽ അത്‌ലെറ്റിക്കോ മാഡ്രിഡിന് വേണ്ടി താരം നേടുന്ന എട്ടാം ഗോളാണിത്. ആകെ പതിനൊന്ന് മത്സരങ്ങൾ മാത്രം കളിച്ച താരം എട്ട് ഗോളുകൾ നേടിക്കഴിഞ്ഞു. ഇത് മുൻ സൂപ്പർ താരത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ ലൂയിസ് സുവാരസിനെ സഹായിച്ചിട്ടുണ്ട്. അത്‌ലെറ്റിക്കോ മാഡ്രിഡിന്റെ മുൻ സൂപ്പർ സ്‌ട്രൈക്കർ റഡാമൽ ഫാൽക്കാവോയുടെ റെക്കോർഡിനൊപ്പമെത്താനാണ് ഇതിലൂടെ സുവാരസിന് കഴിഞ്ഞത്.

ഈ നൂറ്റാണ്ടിൽ ഒരു അത്ലെറ്റിക്കോ സ്‌ട്രൈക്കർക്ക്‌ ലഭിക്കുന്ന ഏറ്റവും മികച്ച തുടക്കമാണ് സുവാരസിന് ലഭിച്ചിരിക്കുന്നത്. ഇതിന് മുമ്പ് ഫാൽക്കാവോയായിരുന്നു ആദ്യ 11 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ നേടിയിരുന്നത്. 2011-ലായിരുന്നു ഫാൽക്കാവോ ഈ നേട്ടം കരസ്ഥമാക്കിയിരുന്നത്. അതിന് ശേഷം ഇതാദ്യമായാണ് ഒരു അത്‌ലെറ്റിക്കോ സ്‌ട്രൈക്കർ തന്റെ ആദ്യ 11മത്സരങ്ങളിൽ നിന്ന് 8 തവണ നിറയൊഴിക്കുന്നത്. 2000-ന് ശേഷം ഫാൽക്കാവോക്കും സുവാരസിനും മാത്രമേ തങ്ങളുടെ ആദ്യ പതിനൊന്നു മത്സരങ്ങളിൽ നിന്ന് ഇത്രയുമധികം ഗോളുകൾ നേടാൻ സാധിച്ചിട്ടുള്ളൂ. ഈ കാലയളവിൽ അഗ്വേറൊ, ഡിയഗോ ഫോർലാൻ, ഫെർണാണ്ടോ ടോറസ് എന്നിവർ അത്‌ലെറ്റിക്കോക്ക്‌ വേണ്ടി കളിച്ചിരുന്നു. നിലവിൽ ലാലിഗയിൽ ഒന്നാം സ്ഥാനത്താണ് അത്‌ലെറ്റിക്കോ മാഡ്രിഡ്‌.

Leave a Reply

Your email address will not be published. Required fields are marked *