തുടർച്ചയായ അഞ്ചാം തോൽവി, ബ്രസീലിയൻ ക്ലബ്ബിലെ താരങ്ങൾക്ക്‌ ആരാധകരുടെ വക മർദ്ദനം, വീഡിയോ !

തുടർച്ചയായി അഞ്ച് തവണ തോറ്റു. രോഷം പൂണ്ട ആരാധകർ താരങ്ങളെ മർദ്ദിച്ചു. സംഭവം നടന്നിരിക്കുന്നത് ഫുട്ബോളിന്റെ ഈറ്റില്ലമായ ബ്രസീലിലാണ്. ബ്രസീലിയൻ ക്ലബായ കോൺഫിയാൻക്കയുടെ താരങ്ങൾക്കാണ് ആരാധകരുടെ വക ഇടിയേറ്റത്. ഇത് മൂലം ഒരു താരത്തിന് മുഖത്തു പരിക്കേൽക്കുകയും ചെയ്തു. ബ്രസീലിലെ സെക്കന്റ്‌ ഡിവിഷൻ ക്ലബാണ് കോൺഫിയാൻക്ക. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബ്രസീൽ ഡെ പെലോടാസ് എന്ന ക്ലബ്ബിനോട് എതിരില്ലാത്ത ഒരു ഗോളിന് ഇവർ പരാജയപ്പെട്ടിരുന്നു. തുടർച്ചയായ അഞ്ചാം തോൽവിയായിരുന്നു ഇവർ വഴങ്ങിയിരുന്നത്. ഇതോടെ പോയിന്റ് ടേബിളിൽ ഏറെ പിറകിൽ പോവുകയും ചെയ്തു. പതിമൂന്നാം സ്ഥാനത്തേക്ക് ഇറങ്ങിയ റെലഗേഷൻ സോണിൽ നിന്നും കേവലം നാലു പോയിന്റുകൾ മാത്രം അകലത്തിലായിരുന്നു. ടീമിന്റെ ഈ മോശം പ്രകടനത്തിൽ മനം നൊന്ത ആരാധകർ രോഷാകുലരാവുകയായിരുന്നു.

തുടർന്ന് മരിയ എയർപോർട്ടിൽ താരങ്ങളെ കാത്തുനിന്ന ആരാധകർ താരങ്ങൾ എത്തിയതോടെ വാക്കു തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ആരാധകരെ അടക്കി നിർത്താൻ ചിലർ ശ്രമിച്ചുവെങ്കിലും ഒരു ആരാധകൻ ഹെൽമെറ്റ്‌ കൊണ്ട് താരത്തിന് നേരെ വീശുകയായിരുന്നു. കോൺഫിയാക്ക താരം അറി മൗറയുടെ മുഖത്ത് ഈ ഹെൽമെറ്റ്‌ ഇടിക്കുകയും താരത്തിന് സാരമായി പരിക്കേൽക്കുകയുമായിരുന്നു. താരത്തിന്റെ ചിത്രവും ഇതിന്റെ വീഡിയോയും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. താരങ്ങൾക്ക്‌ നേരെ ആക്രമണമുണ്ടായതായി ക്ലബ് തന്നെ ഇൻസ്റ്റഗ്രാമിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.ഏതായാലും ഫുട്ബോൾ ലോകത്ത് ഈ ആക്രമണം ചർച്ചയായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *