റിക്കി പുജിനെ ലോണിൽ വേണം, ബാഴ്സയെ സമീപിച്ച് ഇറ്റാലിയൻ വമ്പൻമാർ !

ബാഴ്‌സ പരിശീലകൻ റൊണാൾഡ് കൂമാന് താല്പര്യമില്ലാത്ത താരമാണ് മിഡ്‌ഫീൽഡർ റിക്കി പുജെന്ന് മത്സരങ്ങൾ തുടങ്ങുന്നതിനു മുമ്പ് തന്നെ വ്യക്തമായതാണ്. തന്റെ ടീമിൽ അവസരമുണ്ടാവില്ലെന്നും മറ്റേതെങ്കിലും ക്ലബ്ബിലേക്ക് പോവാൻ പുജിനോട് കൂമാൻ ആവിശ്യപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നീട് ടീം വിട്ട താരങ്ങളുടെ ഒഴിവിൽ സീനിയർ ടീമിലേക്ക് പുജിന് ഇടം ലഭിച്ചു. എന്നാൽ താരത്തിന് അവസരങ്ങൾ കുറവായിരുന്നു. കിട്ടിയ അവസരങ്ങളിൽ മിന്നും പ്രകടനം കാഴ്ച്ചവെച്ചിട്ടും കൂമാൻ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഇപ്പോഴിതാ ഈ യുവപ്രതിഭയെ ജനുവരി ട്രാൻസ്ഫറിൽ റാഞ്ചാനുള്ള ഒരുക്കത്തിലാണ് ഇറ്റാലിയൻ ശക്തികളായ എസി മിലാൻ. താരത്തെ വേണമെന്നാവിശ്യപ്പെട്ടു കൊണ്ട് മിലാൻ ബാഴ്‌സയെ സമീപിച്ചതായാണ് വാർത്തകൾ.

സ്കൈ സ്പോർട്സ് ഇറ്റാലിയയുടെ ജേണലിസ്റ്റ് ആയ കാർലോ പെല്ലഗാട്ടിയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. എന്നാൽ താരത്തെ ബാഴ്സ വിടുമോ എന്നുള്ള കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല. ബാഴ്‌സയിൽ തീരെ അവസരങ്ങൾ ലഭിക്കാത്തതിനാൽ പുജ്‌ തന്നെ തേടിയെത്തിയ ഈ ഓഫർ നിരസിക്കാൻ സാധ്യതയില്ല. യുവതാരങ്ങളെ ലോണിൽ എത്തിച്ചു കൊണ്ട് ടീം ശക്തിപ്പെടുത്തുവാനുള്ള ഒരുക്കത്തിലാണ് മിലാൻ. ഈ കഴിഞ്ഞ സമ്മർ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡിന്റെ ബ്രാഹിം ഡയസ്, യുണൈറ്റഡിന്റെ ഡിയോഗോ ഡാലോട്ട് എന്നിവരെ മിലാൻ ലോണിൽ എത്തിച്ചിരുന്നു. ആവിശ്യമായ അവസരങ്ങൾ ഉറപ്പ് നൽകിയാൽ പുജ്‌ മിലാനിലേക്ക് ചേക്കേറിയേക്കും. അതേസമയം കഴിഞ്ഞ സമ്മറിൽ അയാക്സ് താരത്തിന് വേണ്ടി ശ്രമിച്ചിരുന്നു. എന്നാൽ ബാഴ്സ തന്നെ ഇത് നിരസിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *