സിരി എ പുനരാരംഭിക്കുന്നു, തിയ്യതികൾ ഇങ്ങനെ

കോവിഡ് പ്രതിസന്ധി മൂലം നിർത്തിവെച്ച സിരി എ പുനരാംഭിക്കാൻ ആലോചിക്കുന്നു. ഇറ്റാലിയൻ മാധ്യമമായ കൊറയ്റോ ഡെല്ലോ സ്പോർട്ട് ആണ് ഇക്കാര്യത്തെ കുറിച്ച് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. മെയ് മുപ്പത്തിയൊന്നിന് മത്സരങ്ങൾ പുനരാരംഭിച്ച് ജൂലൈ പന്ത്രണ്ടിന് തീരാവുന്ന രീതിയിലാണ് നിലവിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനാൽ തന്നെ മെയ് നാല് മുതൽ താരങ്ങൾ പരിശീലനത്തിലേർപ്പെട്ടേക്കും. ഇതിനായുള്ള നടപടി ക്രമങ്ങൾ ക്ലബുകൾ തുടങ്ങിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇക്കാര്യം സിരി എ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മെയ് മൂന്നാം തിയ്യതിയാണ് ഇറ്റലിയിലെ ലോക്ക്ഡൌൺ അവസാനിക്കുന്നത്. ഇതിനാൽ തന്നെ നാലാം തിയ്യതി മുതൽ പരിശീലനം നടത്താൻ ക്ലബുകൾ അനുമതി തേടിയിട്ടുണ്ട്. ചെറിയ ചെറിയ ഗ്രൂപ്പുകളായി സോഷ്യൽ ഡിസ്റ്റൻസിങ് പാലിച്ചായിരിക്കും പരിശീലനം നടത്തുക. ഏപ്രിൽ 27 മുതൽ താരങ്ങളുടെ ഫിസിക്കൽ മെഡിക്കൽ പരിശോധനകൾ നടത്താനും ക്ലബുകൾ അനുമതി തേടിയിട്ടുണ്ട്. പൂർണ്ണആരോഗ്യമുള്ള താരങ്ങളെ മാത്രമേ പരിശീലനത്തിന് അനുവദിക്കുകയൊള്ളൂ. ഇതോടെ മൂന്നോ നാലോ ആഴ്ച്ചകൾ പരിശീലനത്തിന് സമയം ലഭിച്ചേക്കും. ഓരോ മൂന്ന് ദിവസത്തിന് ശേഷവും ഓരോ മത്സരം എന്ന രീതിയിലായിരിക്കും സിരി എ ഷെഡ്യൂൾ ചെയ്യുക. എന്നാൽ കോപ്പ ഇറ്റാലിയയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *