ടുഷേലിന്റെ തൊപ്പി തെറിക്കാൻ കാരണം ആ ഇന്റർവ്യൂ?

ഇന്നലെയായിരുന്നു പിഎസ്ജി പരിശീലകൻ തോമസ് ടുഷേലിനെ പുറത്താക്കിയതായി മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തത്. പകരം മൗറിസിയോ പോച്ചെട്ടിനോ എത്തുമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. ഏതായാലും മോശമല്ലാത്ത രീതിയിൽ കളിച്ചു കൊണ്ടിരിക്കുന്ന പിഎസ്ജിയുടെ പരിശീലകനെ പുറത്താക്കാനുള്ള കാരണം എന്ത് എന്നുള്ളത് വലിയൊരു ചോദ്യമായിരുന്നു. പിഎസ്ജി പ്രതീക്ഷക്കൊത്തുയരാത്തതാണ് കാരണമെന്നാണ് പ്രാഥമികറിപ്പോർട്ടുകൾ ചൂണ്ടികാണിച്ചതെങ്കിലും അതല്ല എന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. മറിച്ച് ദിവസങ്ങൾക്ക്‌ മുമ്പ് ടുഷേൽ നൽകിയ അഭിമുഖമാണ് അദ്ദേഹത്തിന്റെ തൊപ്പി തെറിക്കാൻ കാരണമെന്നാണ് മാർക്ക അവകാശപ്പെടുന്നത്. ആ ഇന്റർവ്യൂവിൽ ടുഷേൽ ക്ലബ് ബോർഡിനെ വിമർശിച്ചിരുന്നു. പിഎസ്ജി ബോർഡ് ഫുട്ബോളിനേക്കാൾ കൂടുതൽ ബിസിനസിന് പ്രാധാന്യം നൽകുന്നു എന്ന രൂപത്തിലാണ് ടുഷേൽ സംസാരിച്ചത്. മാത്രമല്ല തനിക്കോ താരങ്ങൾക്കോ അർഹിച്ച പരിഗണന ലഭിക്കുന്നില്ല എന്നും ഇദ്ദേഹം ആരോപിച്ചിരുന്നു. ഇതാണ് ബോർഡിനെ ചൊടിപ്പിച്ചത്.

ആ ഇന്റർവ്യൂവിൽ ടുഷേൽ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെയായിരുന്നു. ” ഒരൊറ്റ ജയത്തിന്റെ അകലത്തിൽ വെച്ചാണ് കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഞങ്ങൾക്ക്‌ നഷ്ടപ്പെട്ടത്. പക്ഷെ എന്നിട്ടും ഞങ്ങൾക്ക്‌ ഞങ്ങൾ അർഹിക്കുന്ന ഒരു അഭിനന്ദനങ്ങളോ അംഗീകാരങ്ങളോ ലഭിച്ചില്ല. അത്‌ ചില സമയങ്ങളിൽ ദുഃഖമുണ്ടാക്കുന്നു. അത്‌ മാത്രമല്ല, ലീഗ് കിരീടം നേടിയിട്ടും ഇവിടെയുള്ളവർ ഒരു വിലയും കൽപ്പിക്കുന്നില്ല. എന്നാൽ ബയേൺ മ്യൂണിക്ക് ബുണ്ടസ്ലിഗ നേടിയാൽ അതിന് വില കൽപ്പിക്കുന്നുമുണ്ട്. അമിതപ്രതീക്ഷകളാണ് ഈ ക്ലബ്ബിന് മുകളിലുള്ളത്. ഈ ടീമിനെ പരിശീലിപ്പിക്കുക എന്നുള്ളത് വലിയ വെല്ലുവിളി തന്നെയാണ്. കാരണം പലരും സ്വാധീനം ചെലുത്താൻ ശ്രമിക്കുന്നുണ്ട്. മാത്രമല്ല, എല്ലാ സൂപ്പർ താരങ്ങളെയും ഒരുമിച്ച് സന്തോഷത്തോടെ മുന്നോട്ട് കൊണ്ടു പോവുക എന്നുള്ളത് ബുദ്ധിമുട്ടേറിയ കാര്യമാണ്. മാത്രമല്ല ഈ താരങ്ങൾ മികച്ച പ്രകടനം നടത്തിയാൽ ആരും പ്രശംസിക്കുകയില്ല, എന്നാൽ പിഴവുകൾ വരുത്തിയാൽ എല്ലാവരും കുറ്റപ്പെടുത്തുന്നു. ഞങ്ങളിൽ എപ്പോഴും വിജയങ്ങൾ മാത്രമാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അത്‌ സമ്മർദ്ദം ഉണ്ടാക്കുന്നു. എന്നാൽ ഒരിക്കൽ പോലും ഞങ്ങളെ അഭിനന്ദിക്കാൻ ആരും തയ്യാറാവുന്നില്ല ” ടുഷേൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *