പുരോഗതി കൈവരിക്കുന്നുണ്ട്, ഈ ജയം ആത്മവിശ്വാസം നൽകും : കൂമാൻ !

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് എഫ്സി ബാഴ്സലോണ ലെവാന്റെയെ കീഴടക്കിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ ലയണൽ മെസ്സി നേടിയ ഗോളാണ് ബാഴ്സയുടെ രക്ഷക്കെത്തിയത്. മത്സരത്തിൽ മികച്ച പ്രകടനമാണ് ബാർസ പുറത്തെടുത്തതെങ്കിലും ഗോൾ നേടാൻ ബാഴ്സക്ക്‌ സാധിക്കാതെ പോവുകയായിരുന്നു. ഏതായാലും ടീമിന്റെ പ്രകടനത്തിൽ പരിശീലകൻ റൊണാൾഡ് കൂമാൻ തൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ടീം പുരോഗതി കൈവരിക്കുന്നുണ്ടെന്നും ഈ ജയം അടുത്ത മത്സരത്തിന് ഒരുപാട് ആത്മവിശ്വാസം നൽകുമെന്നും കൂമാൻ അറിയിച്ചു. മത്സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷമാണ് ബാഴ്‌സ ജയം നേടുന്നത്. ഇതോടെ പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്തേക്ക് കയറാൻ ബാഴ്സക്ക്‌ സാധിച്ചിരുന്നു.ഇനി ഒന്നാം സ്ഥാനക്കാരായ റയൽ സോസിഡാഡിനെയാണ് ബാഴ്സക്ക്‌ നേരിടാനുള്ളത്.

“ഞങ്ങൾ മത്സരത്തിനിടെ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ച് രണ്ടാം പകുതിയിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.ഞങ്ങൾ ഒരുപാട് അവസരങ്ങൾ ഉണ്ടാക്കിയെടുത്തു. പക്ഷെ സ്കോർബോർഡ് ചലിപ്പിക്കാൻ പ്രയാസമായിരുന്നു. പക്ഷെ അവസാനം വിജയം നേടാൻ ഞങ്ങൾക്കായി. അർഹിച്ച വിജയം തന്നെയാണ് ഞങ്ങൾ നേടിയത്.ബുധനാഴ്ച്ചയിലെ മത്സരത്തിന് മുന്നോടിയായി ഞങ്ങൾക്ക്‌ ഒരുപാട് ആത്മവിശ്വാസം നൽകാൻ ഈ വിജയത്തിന് സാധിക്കും.നല്ല രീതിയിൽ ടീം വർക്ക്‌ ചെയ്തിരുന്നു. പരമാവധി നൽകാൻ അവർ ശ്രമിച്ചു. പക്ഷെ ആദ്യപകുതിയിൽ പ്രതീക്ഷിച്ച പോലെ പ്രകടനം നടത്താൻ കഴിഞ്ഞില്ല. എന്നാൽ രണ്ടാം പകുതിയിൽ മികച്ചു നിന്നു. കാര്യക്ഷമത വർധിപ്പിക്കേണ്ടതുണ്ട്. ഡിഫൻസീവിലും ഒഫൻസീവിലും മികച്ചു നിന്നാൽ ഈ ലീഗിൽ മുന്നോട്ട് കുതിക്കാൻ ഞങ്ങൾക്ക്‌ സാധിക്കും ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *