പിന്തള്ളിയത് ബ്രസീലിയൻ ഇതിഹാസത്തെ, ചരിത്രം കുറിച്ച് കരിം ബെൻസിമ !

റയൽ മാഡ്രിഡിന് വേണ്ടി മറ്റൊരു ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് സൂപ്പർ താരം കരിം ബെൻസിമ. ഇന്നലെ നടന്ന മാഡ്രിഡ്‌ ഡെർബിയിൽ ബൂട്ടണിഞ്ഞതോടെയാണ് ബെൻസിമ റയൽ മാഡ്രിഡിന്റെ ചരിത്രതാളുകളിൽ ഇടം നേടിയത്. റയൽ മാഡ്രിഡിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശതാരമെന്ന നേട്ടമാണ് ബെൻസിമ സ്വന്തമാക്കിയത്. ബ്രസീലിയൻ ഇതിഹാസതാരം റോബെർട്ടോ കാർലോസിനെയാണ് ഈ കണക്കുകളിൽ ബെൻസിമ പിന്തള്ളിയത്. ഇന്നലത്തെ മത്സരത്തോട് കൂടി ആകെ 528 മത്സരങ്ങളിൽ റയലിനായി ബെൻസിമ ബൂട്ട് കെട്ടി. 527 മത്സരങ്ങൾ കളിച്ച കാർലോസിനെയാണ് ബെൻസിമ പിന്നിലാക്കിയത്.

528 മത്സരങ്ങളിൽ 359 മത്സരങ്ങൾ ലാലിഗയിലാണ് ബെൻസിമ കളിച്ചിട്ടുള്ളത്. 2009-ൽ റയലിൽ എത്തിയ ബെൻസിമയുടെ പന്ത്രണ്ടാം സീസണാണിത്. റയലിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിട്ടുള്ളത് പന്ത്രണ്ടാമത്തെ താരമാവാനും ഇതുവഴി ബെൻസിമക്ക്‌ സാധിച്ചു. 741 മത്സരങ്ങൾ കളിച്ച റൗൾ ആണ് ഒന്നാമത്. അതേസമയം ഗൂട്ടി (542), മിഷേൽ (559) എന്നിവരെ മറികടന്നാൽ ബെൻസിമക്ക്‌ ആദ്യപത്തിൽ ഇടം നേടാം. അതേസമയം റയലിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശതാരമെന്ന കണക്കിൽ മാഴ്‌സെലോയാണ് മൂന്നാമതുള്ളത്. 515 മത്സരങ്ങളാണ് താരം റയലിനായി കളിച്ചിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *