ന്യായീകരണങ്ങൾ കണ്ടെത്താനല്ല, പ്രവർത്തിക്കാനുള്ള സമയമാണിത്, സ്വയം വിമർശനവുമായി ബാഴ്സയുവതാരം !

സമീപകാലത്തെ ഏറ്റവും മോശം ഫോമിലൂടെയാണ് എഫ്സി ബാഴ്സലോണ നിലവിൽ കടന്നു പോവുന്നത്. അവസാനമായി കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെടാനായിരുന്നു ബാഴ്സയുടെ വിധി. ലീഗിൽ കാഡിസിനോട് 2-1 ന് തോറ്റപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സ യുവന്റസിനോട് തകർന്നടിഞ്ഞത്. ലീഗിലെ നാലു തോൽവിയുൾപ്പടെ ഈ സീസണിൽ അഞ്ച് തോൽവികൾ ഇതിനോടകം തന്നെ ബാഴ്സ ഏറ്റുവാങ്ങി കഴിഞ്ഞു.വലിയ തോതിലുള്ള വിമർശനങ്ങളാണ് ബാഴ്സക്കും പരിശീലകൻ കൂമാനും നിലവിൽ നേരിടേണ്ടി വരുന്നത്.

ഇപ്പോഴിതാ സ്വയം വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ബാഴ്സ യുവതാരം പെഡ്രി. ക്ലബ്ബിന്റ മോശം പ്രകടനങ്ങൾക്കുള്ള ന്യായീകരണങ്ങൾ കണ്ടെത്താനുള്ള സമയമല്ല ഇതെന്നും പ്രവർത്തിക്കുകയാണ് വേണ്ടതെന്നുമാണ് പെഡ്രി അറിയിച്ചത്. കഴിഞ്ഞ ദിവസം സ്പോർട്ടിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങളെ പറ്റി വിശദീകരിച്ചത്. കളത്തിനകത്ത് പരമാവധി മികച്ച പ്രകടനം കാഴ്ച്ചവെക്കാനാണ് തങ്ങൾ ശ്രമിക്കേണ്ടതെന്നും പെഡ്രി അറിയിച്ചു.

” ന്യായീകരണങ്ങൾ കണ്ടെത്താനല്ല, മറിച്ച് പ്രവർത്തിക്കാനുള്ള സമയമാണിത്. ഞങ്ങൾക്കൊരിക്കലും ന്യായീകരണങ്ങൾ ഇല്ല. യുവന്റസിനോടേറ്റ തോൽവി വൻ തിരിച്ചടിയാണ്. ഞങ്ങളുടെ തെറ്റുകൾ തിരുത്തി പുരോഗതി കൈവരിക്കാനാണ് ഞങ്ങൾ ശ്രമിക്കേണ്ടത്. ഞങ്ങളുടെ പരമാവധി മികച്ച പ്രകടനം നടത്താൻ വേണ്ടിയാണ് ഇനി ശ്രമിക്കേണ്ടത്. ഒരുപിടി മികച്ച യുവതാരങ്ങൾ ടീമിൽ ഉണ്ട്. അവർക്കെല്ലാം വിജയങ്ങളാണ് വേണ്ടത്. അത്‌ കളത്തിൽ നടപ്പിലാക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങൾ പുരോഗതി പ്രാപിക്കണം. ഞങ്ങൾ പിഴവുകൾ വരുത്തിയിട്ടുണ്ട്. അത്‌ പരിഹരിക്കണം. കാര്യങ്ങൾ മാറ്റി മറിക്കാൻ ഞങ്ങൾ നന്നായി പ്രവർത്തിക്കേണ്ടതുണ്ട് ” പെഡ്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *