ക്യാമ്പ് നൗവിൽ ക്രിസ്റ്റ്യാനോ ഷോ, ബാഴ്സ തകർന്നു തരിപ്പണം !
ചാമ്പ്യൻസ് ലീഗിൽ ലോകം ഉറ്റുനോക്കികൊണ്ടിരുന്ന പോരാട്ടത്തിൽ യുവന്റസിന് തകർപ്പൻ വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ക്യാമ്പ് നൗവിൽ വെച്ച് ബാഴ്സയെ യുവന്റസ് തകർത്തു വിട്ടത്.പെനാൽറ്റിയിലൂടെ ഇരട്ടഗോളുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് യുവന്റസിനെ മുന്നിൽ നിന്നും നയിച്ചത്. ശേഷിച്ച ഗോൾ മക്കെന്നി നേടി. ഇതോടെ ആദ്യപാദത്തിലെ തോൽവിക്ക് കണക്കുതീർക്കാനും യുവന്റസിനായി. ജയത്തോടെ ബാഴ്സയെ പിന്തള്ളി ഗ്രൂപ്പിൽ ഒന്നാമതാവാൻ യുവന്റസിന് സാധിച്ചു. കിട്ടിയ അവസരങ്ങൾ മുതലെടുത്തു കൊണ്ട് യുവന്റസ് കളി വരുതിയിലാക്കുകയായിരുന്നു.
We kept our word: we brought it! 📖🐐🔥 https://t.co/EMOPTzYEFx pic.twitter.com/mqr5aKA5cC
— JuventusFC (@juventusfcen) December 8, 2020
കൂട്ടീഞ്ഞോയുടെ അഭാവത്തിലാണ് ബാഴ്സ ഇറങ്ങിയതെങ്കിൽ മറുഭാഗത്ത് ദിബാല ഇല്ലായിരുന്നു. മത്സരത്തിന്റെ പതിമൂന്നാം മിനുട്ടിൽ തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോ വലകുലുക്കി. തന്നെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ ഒരു പിഴവും കൂടാതെ വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ രണ്ടാം ഗോളും വന്നു. ഇരുപതാം മിനുട്ടിൽ യുവാൻ ക്വഡ്രാഡോയുടെ ക്രോസിൽ നിന്നും മനോഹരമായി മക്കെന്നി ഫിനിഷ് ചെയ്യുക. ഈ രണ്ട് ഗോളുകളുടെ ബലത്തിലായിരുന്നു യുവന്റസ് ആദ്യ പകുതിയിൽ കളം വിട്ടത്.
രണ്ടാം പകുതിയിലും പന്ത് കൈവശം വെക്കാൻ ബാഴ്സക്ക് സാധിച്ചുവെങ്കിലും കൂടുതൽ മുന്നേറ്റങ്ങളോ ഗോളവസരങ്ങളോ സൃഷ്ടിക്കുന്നതിൽ ബാഴ്സ പരാജയപ്പെടുകയായിരുന്നു. 52-ആം മിനിട്ടിലാണ് മൂന്നാം ഗോൾ പിറക്കുന്നത്. ബോക്സിനകത്ത് വെച്ച് ലെങ്ലെറ്റിന്റെ ഹാൻഡ്ബോളിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ ലക്ഷ്യത്തിലെത്തിച്ചു. 75-ആം മിനിറ്റിൽ ലിയനാർഡോ ബൊനൂച്ചി ഗോൾ കണ്ടെത്തിയെങ്കിലും ഓഫ്സൈഡ് വിധിക്കുകയായിരുന്നു. മത്സരത്തിൽ മെസ്സി ഒന്ന് രണ്ടു തവണ മുന്നേറ്റങ്ങൾ സംഘടിപ്പിച്ചുവെങ്കിലും എല്ലാം ബുഫണിന്റെ കയ്യിൽ അവസാനിക്കുകയായിരുന്നു.
90’ | 👊 | BUFFON SAVES AGAIN!#BarçaJuve [0-3] #JuveUCL pic.twitter.com/Nl1USyy30x
— JuventusFC (@juventusfcen) December 8, 2020