തടയിടാനാവാതെ എതിരാളികൾ, നവംബറിലെ എംവിപി പുരസ്‌കാരം ക്രിസ്റ്റ്യാനോ സ്വന്തമാക്കി !

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതിഭക്ക്‌ ഒരു കോട്ടവും തട്ടിയിട്ടില്ലെന്ന് ഓരോ ദിവസം കൂടുംതോറും അദ്ദേഹം തന്നെ തെളിയിച്ചു തരികയാണ്. കോവിഡ് ബാധിതനായി കുറച്ചു കാലം പുറത്തിരുന്നിട്ടും താരത്തിന്റെ ഗോളടി മികവിന് ഒരു പോറലുപോലുമേറ്റിരുന്നില്ല. ഇപ്പോഴിതാ കഴിഞ്ഞ നവംബർ മാസത്തിലെ ഏറ്റവും മികച്ച സിരി എ താരമായിരുന്നു തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണിപ്പോൾ ക്രിസ്റ്റ്യാനോ. ഇന്നലെയാണ് സിരി എ ഇക്കാര്യം തങ്ങളുടെ ഔദ്യോഗികവെബ്സൈറ്റിലൂടെ പുറത്തു വിട്ടത്. സിരി എയിലെ ഓരോ മാസത്തെയും മികച്ച താരത്തിന് നൽകുന്ന മോസ്റ്റ്‌ വാല്യൂബൾ പ്ലയെർ എന്ന പുരസ്‌കാരമാണ് റൊണാൾഡോ സ്വന്തമാക്കിയത്. നവംബറിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ താരത്തിന് സാധിച്ചിരുന്നു.ഇന്ന് നടക്കുന്ന യുവന്റസ്-ടോറിനോ മത്സരത്തിന് മുന്നോടിയായി ഈ പുരസ്‌കാരം താരത്തിന് നൽകപ്പെടും.

നവംബറിൽ മൂന്ന് സിരി എ മത്സരങ്ങളാണ് റൊണാൾഡോ കളിച്ചത്. ഇരുന്നൂറ് മിനുട്ടുകൾ കളത്തിൽ ചിലവഴിച്ച താരം അഞ്ച് ഗോളുകളാണ് അടിച്ചു കൂട്ടിയത്. അതായത് നവംബറിൽ ഓരോ നാല്പത് മിനുട്ടിലും ഓരോ ഗോൾ കണ്ടെത്താൻ സാധിച്ചു എന്നുള്ളതാണ് കണക്കുകൾ ചൂണ്ടികാണിക്കുന്നത്. ഈയൊരു തകർപ്പൻ പ്രകടനം തന്നെയാണ് പുരസ്‌കാരത്തിനർഹനാക്കിയതും. ഇന്നത്തെ മത്സരത്തിന് ശേഷമാണ് വലിയൊരു വെല്ലുവിളി ക്രിസ്റ്റ്യാനോ നേരിടാൻ പോവുന്നത്. ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സയെയാണ് റൊണാൾഡോക്ക്‌ നേരിടേണ്ടതുള്ളത്. ആദ്യ മത്സരത്തിൽ കോവിഡ് മൂലം താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. താരം മത്സരത്തിൽ തിളങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *