റൊണാൾഡോ ലിമ ഫുട്ബോൾ ദൈവമാണ്, എന്നാൽ മെസ്സി അതിനും മുകളിൽ: കസ്സാനോ
ഫുട്ബോൾ ഇതിഹാസങ്ങളായ ലയണൽ മെസ്സിയെയും റൊണാൾഡോ നാസാരിയോയെയും പുകഴ്ത്തി മുൻ റയൽ മാഡ്രിഡ് താരം അന്റോണിയോ കസ്സാനോ. കഴിഞ്ഞ ദിവസം കൊറെയ്റെ ഡെല്ലോ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇരുവരെയും പരാമർശിച്ചത്. റൊണാൾഡോയുമൊത്ത് റയലിൽ കളിച്ചിരുന്ന കാലത്തെ അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു താരം.
” ആ മത്സരത്തിൽ ഞങ്ങൾ ഒരു ഗോളിന് തോറ്റുനിൽക്കുകയായിരുന്നു. മത്സരത്തിന്റെ പകുതി സമയത്ത് ഡ്രസിങ് റൂമിൽ വെച്ച് പരിശീലകൻ റോണിയെ പിൻവലിച്ച് നിസ്റ്റൽറൂയിയെ ഇറക്കാൻ തീരുമാനിച്ചു. ഈ സമയത്ത് അതിനെ തടഞ്ഞുകൊണ്ട് റൊണാൾഡോ പരിശീലകനോട് പറഞ്ഞു. ഒരു പതിനഞ്ചു മിനുട്ടിനകം ഞാൻ രണ്ടു ഗോൾ നേടിയില്ലെങ്കിൽ എന്നെ പിൻവലിച്ചോളൂ. കൃത്യം പതിനഞ്ച് മിനുട്ടുകൾ കഴിഞ്ഞപ്പോൾ റൊണാൾഡോ രണ്ടു ഗോളുകൾ നേടിയിരുന്നു. ലോകത്ത് ഒരു ഫുട്ബോൾ ദൈവമുണ്ടെങ്കിൽ അത് റൊണാൾഡോമാത്രമാണ്. എന്നാൽ അതിന് മുകളിലായി ഇപ്പോൾ ഞാൻ മെസ്സിയെ കണ്ടെത്തി ” കസ്സാനോ പറഞ്ഞു.