ഹാട്രിക് നേടാൻ അവസരമുണ്ടായിട്ടും പെനാൽറ്റി റാഷ്ഫോർഡിന് നൽകി,കാരണം വെളിപ്പെടുത്തി ബ്രൂണോ ഫെർണാണ്ടസ് !

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇസ്താംബൂളിനെ തകർത്തു വിട്ടത്. ആദ്യ മത്സരത്തിലേറ്റ പരാജയത്തിന്റെ കണക്കുതീർക്കാൻ ഇതുവഴി യുണൈറ്റഡിന് സാധിച്ചു. മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസ് ഇരട്ടഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോളുകൾ റാഷ്ഫോർഡ്, ഡാനിയൽ ജെയിംസ് എന്നിവരായിരുന്നു ഗോളുകൾ നേടിയത്. മത്സരത്തിന്റെ ആദ്യ ഇരുപത് മിനുട്ടുകൾക്കുള്ളിൽ തന്നെ ബ്രൂണോ ഫെർണാണ്ടസ് രണ്ടു ഗോളുകൾ നേടിയിരുന്നു. തുടർന്നാണ് യുണൈറ്റഡിന് പെനാൽറ്റി ലഭിക്കുന്നത്. എന്നാൽ ആ പെനാൽറ്റി ബ്രൂണോ ഫെർണാണ്ടസ് സഹതാരമായ മാർക്കസ് റാഷ്ഫോർഡിന് കൈമാറുകയും അദ്ദേഹം അത്‌ ഗോളാക്കി മാറ്റുകയുമായിരുന്നു. തനിക്ക് ഹാട്രിക് നേടാനുള്ള അവസരമുണ്ടായിട്ടും താൻ റാഷ്ഫോർഡിന് പെനാൽറ്റി നൽകിയതിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ ബ്രൂണോ. പ്രീമിയർ ലീഗിൽ വെസ്റ്റ്ബ്രോംവിച്ചിനെതിരെ പെനാൽറ്റി ഗോൾ നേടിയതിന് ശേഷം അടുത്ത പെനാൽറ്റി താരത്തിന് നൽകുമെന്ന് താൻ റാഷ്ഫോർഡിന് വാക്ക് കൊടുത്തിരുന്നുവെന്നും അത്‌ പാലിക്കുകയാണ് താൻ ചെയ്തത് എന്നുമാണ് ബ്രൂണോ വെളിപ്പെടുത്തിയത്. റാഷ്ഫോർഡിന്റെ ആത്മവിശ്വാസം ഉയർത്താൻ ഗോൾ ആവിശ്യമായിരുന്നുവെന്നും ബ്രൂണോ കൂട്ടിച്ചേർത്തു.

” തീർച്ചയായും ഓരോ താരവും ഹാട്രിക് ആഗ്രഹിക്കുന്നുണ്ട്. പക്ഷെ പ്രീമിയർ ലീഗിലെ ആ മത്സരത്തിന് ശേഷം ഞാൻ റാഷ്ഫോർഡിന് ഒരു വാക്ക് നൽകിയിരുന്നു. അടുത്ത പെനാൽറ്റി അദ്ദേഹത്തിന് എടുക്കാമെന്നായിരുന്നു ആ വാക്ക്. തുടർന്ന് ഈ മത്സരത്തിൽ പെനാൽറ്റി ലഭിച്ചപ്പോൾ ഞാനത് ഓർമ്മിക്കുകയും അദ്ദേഹത്തിന് പെനാൽറ്റി നൽകുകയുമായിരുന്നു. ചാമ്പ്യൻസ് ലീഗിലെ ടോപ് സ്‌കോറർമാരിൽ ഒരാളാണ് അദ്ദേഹം. അതിനാൽ തന്നെ അദ്ദേഹത്തിന്റെ ആത്മവിശ്വാസം വീണ്ടെടുക്കൽ വളരെ പ്രധാനപ്പെട്ട ഒന്നാണ്. ടീം ഗോൾ നേടിക്കഴിഞ്ഞാൽ ആര് പെനാൽറ്റി എടുത്തു എന്നുള്ളതൊന്നും വിഷയമാക്കേണ്ട കാര്യമല്ല ” മത്സരശേഷം ബിടി സ്പോർട്ടിന് നൽകിയ അഭിമുഖത്തിൽ ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *