വീണ്ടും പോസിറ്റീവ്, ബാഴ്‌സക്കെതിരെ കളിക്കാമെന്ന സുവാരസിന്റെ പ്രതീക്ഷ പൊലിഞ്ഞു !

തന്റെ മുൻ ക്ലബായ എഫ്സി ബാഴ്സലോണക്കെതിരെ അടുത്ത മത്സരത്തിൽ കളിക്കാമെന്ന സുവാരസിന്റെ മോഹം പൊലിഞ്ഞു.ഇന്നലെ താരത്തിന് നടത്തിയ പരിശോധനയിൽ വീണ്ടും പോസിറ്റീവ് തന്നെ രേഖപ്പെടുത്തിയതോട് കൂടിയാണ് സുവാരസിന് ബാഴ്‌സക്കെതിരെ കളിക്കാൻ സാധിക്കില്ല എന്നുള്ളത് ഉറപ്പായി കഴിഞ്ഞത്. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്ക്‌ വേണ്ടി ഉറുഗ്വക്കൊപ്പം ചിലവഴിക്കുന്നതിനിടെയാണ് സുവാരസിന് കോവിഡ് പോസിറ്റീവ് ആയത്. എന്നാൽ താരത്തിന് ഇന്നലെ നടത്തിയ പരിശോധനയിൽ നെഗറ്റീവ് ആയിരുന്നുവെങ്കിൽ ബാഴ്സക്കെതിരെ കളിക്കാമായിരുന്നു.പക്ഷെ പോസിറ്റീവ് ആയതോടെ ബാഴ്‌സക്കും മെസ്സിക്കുമെതിരെ കളിക്കാൻ സുവാരസിന് സാധിക്കില്ല എന്നുറപ്പാവുകയായിരുന്നു. ഈ വരുന്ന ശനിയാഴ്ച്ചയാണ് ലാലിഗയിൽ അത്ലേറ്റിക്കോ മാഡ്രിഡ്‌ എഫ്സി ബാഴ്സലോണയെ നേരിടുന്നത്. അത്ലെറ്റിക്കോ മാഡ്രിഡിന്റെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുന്നത്. ഇരുടീമുകളും ഏഴ് വീതം മത്സരങ്ങൾ കളിച്ചപ്പോൾ അത്ലെറ്റിക്കോ മാഡ്രിഡ്‌ മൂന്നാം സ്ഥാനത്തും ബാഴ്‌സ എട്ടാം സ്ഥാനത്തുമാണ്.

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സുവാരസ് ബാഴ്സ വിട്ട് അത്ലെറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയത്. ബാഴ്‌സ ബോർഡിന്റെ തീരുമാനപ്രകാരമായിരുന്നു സുവാരസിന് ബാഴ്സയിലുള്ള തന്റെ സ്ഥാനം നഷ്ടമായത്. ഇതോടെ ബാഴ്‌സക്കെതിരെ ഗോൾ നേടിയാൽ ആഘോഷിക്കില്ലെന്നും മറിച്ച് ബാഴ്സ മാനേജ്മെന്റിനെതിരെ പ്രതിഷേധമറിയിക്കുമെന്നും സുവാരസ് അറിയിച്ചിരുന്നു. എന്നാൽ കോവിഡ് പിടിപ്പെട്ടതോടെ താരത്തിന് കളിക്കാനുള്ള അവസരം നഷ്ടമാവുകയാണ്. ഈ ലീഗിൽ ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടിയ സുവാരസ് ഇപ്പോൾ തന്നെ ടീമിന്റെ നിർണായകതാരമായി കഴിഞ്ഞു. ഉറുഗ്വക്ക്‌ വേണ്ടിയും താരം നാലു ഗോളുകൾ നേടിയിരുന്നു. താരത്തിന്റെ അഭാവത്തിൽ ബ്രസീലിനെ നേരിട്ട ഉറുഗ്വ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക്‌ തലകുനിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *