ഒരേദിവസം സൂപ്പർ താരങ്ങൾക്ക്‌ പരിക്കേറ്റു, റയൽ മാഡ്രിഡ്‌ ഗുരുതരപ്രതിസന്ധിയിൽ !

പരിക്കും കോവിഡും കൊണ്ട് ഏറെ വലഞ്ഞിരിക്കുന്ന റയൽ മാഡ്രിഡിന് വീണ്ടും തിരിച്ചടിയേറ്റു. ഇന്നലെ നടന്ന യുവേഫ നേഷൻസ് ലീഗ് മത്സരത്തിനിടെയാണ് റയൽ മാഡ്രിഡിന്റെ രണ്ട് പ്രധാനപ്പെട്ട താരങ്ങൾക്ക്‌ പരിക്കേറ്റത്. പ്രതിരോധനിര താരങ്ങളായ സെർജിയോ റാമോസ്, റാഫേൽ വരാനെ എന്നിവർക്കാണ് ഒരേദിവസം പരിക്കേറ്റത്. ജർമ്മനിക്കെതിരെയുള്ള മത്സരത്തിലായിരുന്നു റാമോസിന് പരിക്കേറ്റത്. താരത്തിന്റെ വലതു കാലിന്റെ തുടക്കാണ് പരിക്ക് രേഖപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് ആദ്യപകുതിക്ക്‌ മുമ്പ് തന്നെ പരിശീലകൻ റാമോസിനെ പിൻവലിക്കുകയും ചെയ്തു. താരത്തിന്റെ പരിക്ക് ഗുരുതരമല്ല എന്നാണ് സ്പെയിൻ പരിശീലകൻ ലൂയിസ് എൻറിക്വ അറിയിച്ചത്.

അതേസമയം സ്വീഡനെതിരെയുള്ള മത്സരത്തിലാണ് ഫ്രാൻസിന്റെ റാഫേൽ വരാനെക്ക്‌ പരിക്കേറ്റത്. തുടർന്ന് ആദ്യപകുതിക്ക്‌ ശേഷം താരം കളിച്ചിരുന്നില്ല. താരത്തിന്റെ പരിക്കും ഗുരുതരമല്ല എന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ റയൽ മാഡ്രിഡിന്റെ മത്സരങ്ങൾ നഷ്ടമാവുമോ എന്ന് നോക്കികാണേണ്ടിയിരിക്കുന്നു. ഈഡൻ ഹസാർഡ്, എഡർ മിലിറ്റാവോ, കാസമിറോ എന്നിവർ കോവിഡ് മൂലം പുറത്താണ്. കൂടാതെ അൽവാരോ ഓഡ്രിയോസോള, വാൽവെർദെ എന്നിവരും പരിക്കിന്റെ പിടിയിലാണ്. നാച്ചോ, കാർവഹൽ എന്നിവർ പരിക്കിൽ നിന്നും മുക്തരായിട്ടുണ്ട്.ഇങ്ങനെ പ്രതിസന്ധികളിലൂടെയാണ് റയൽ കടന്നു പോവുന്നത്. മാത്രമല്ല നിർണായകമായ മത്സരങ്ങളാണ് ഇനി വരാനിരിക്കുന്നതും. വിയ്യാറയൽ, ഇന്റർമിലാൻ, അലാവസ്‌ എന്നിവരൊക്കെയാണ് റയലിന് ഇനി നേരിടാനുള്ളത്. കഴിഞ്ഞ വലൻസിയക്കെതിരെയുള്ള മത്സരത്തിൽ 4-1 ന് റയൽ തകർന്നടിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *