സുവാരസിനെ പോകാൻ ബാഴ്സ അനുവദിച്ചത് ഏറ്റവും വലിയ മണ്ടത്തരമെന്ന് മുൻ ഇറ്റാലിയൻ താരം !

സൂപ്പർ താരം ലൂയിസ് സുവാരസിനെ ക്ലബ്ബിൽ നിന്നും ഒഴിവാക്കിയ കാര്യത്തിൽ എഫ്സി ബാഴ്സലോണക്ക്‌ നേരെയുള്ള വിമർശനങ്ങൾക്ക്‌ അന്ത്യമില്ല. മുൻ ഇറ്റാലിയൻ താരം അന്റോണിയോ കസ്സാനോയാണ് ബാഴ്സക്കെതിരെ പുതുതായി വിമർശനമുന്നയിച്ചത്. സുവാരസിനെ പോകാൻ ബാഴ്സ അനുവദിച്ചത് എന്ത്‌കൊണ്ടാണെന്ന് തനിക്കിത് വരെ മനസ്സിലായിട്ടില്ലെന്നും ബാഴ്‌സ ചെയ്ത മണ്ടത്തരമാണ് സുവാരസിനെ വിട്ടുകളഞ്ഞതെന്നുമാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. കഴിഞ്ഞ ദിവസം ക്രിസ്ത്യൻ വിയേരിയുമായി നടത്തിയ അഭിമുഖത്തിലാണ് കസ്സാനോ ഇക്കാര്യം തുറന്നു പറഞ്ഞത്. കൂടാതെ മെസ്സിയെ കുറിച്ചും അദ്ദേഹം സംസാരിച്ചു. മെസ്സിയെയും മറഡോണയെയും താരതമ്യം ചെയ്താണ് അദ്ദേഹം സംസാരിച്ചത്. കൂടാതെ മികച്ച ഡിഫൻഡർമാർക്കൊപ്പവും ഗോൾകീപ്പർമാർക്കൊപ്പവും കളിക്കാൻ മെസ്സിക്ക് ഭാഗ്യം ലഭിച്ചിട്ടില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.

” സുവാരസ് ബാഴ്‌സ വിട്ടതിന് ശേഷം അവർ പറഞ്ഞ കാരണം അദ്ദേഹത്തിന് വയസ്സായി എന്നാണ്. മണ്ടത്തരത്തിന്റെ മറ്റൊരു നിമിഷമായിരുന്നു അത്. ആറ് വർഷത്തിനിടെ 350 ഗോളുകൾ നേടിയ താരമാണ് അദ്ദേഹം. അദ്ദേഹത്തെ എന്ത്‌കൊണ്ടാണ് ബാഴ്‌സയിൽ നിന്നും ചവിട്ടി പുറത്താക്കിയതെന്ന് തനിക്ക് മനസ്സിലാവുന്നില്ല. എന്നിട്ടവർ അന്റോയിൻ ഗ്രീസ്‌മാനെ സെന്റർ ഫോർവെർഡ് ആയി നിർത്തിയിരിക്കുകയും ചെയ്തിരിക്കുന്നു” കസ്സാനോ പറഞ്ഞു. ” മെസ്സിക്ക് അർജന്റീനക്കൊപ്പം ഒരുപാട് ഫൈനലുകൾ കളിച്ചതും ഗോളുകൾ നേടിയതുമായ റെക്കോർഡുകൾ ഉണ്ട്. മെസ്സി അർജന്റീനക്കൊപ്പം എഴുപത് ഗോളുകൾ നേടിയിട്ടുണ്ട്. മറഡോണയാവട്ടെ മുപ്പത് എണ്ണം മാത്രമേ നേടിയിട്ടൊള്ളൂ. മെസ്സിക്ക് എപ്പോഴും ഫോർവേഡുമാരുടെ കൂടെ കളിക്കാൻ സാധിച്ചിട്ടുണ്ട്. പക്ഷെ മികച്ച ഡിഫൻഡർമാരുടെയും ഗോൾകീപ്പർമാരുടെയും കൂടെ കളിക്കാൻ സാധിച്ചിട്ടില്ല ” കസ്സാനോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *