തോറ്റ മത്സരങ്ങളിലെയെല്ലാം സാന്നിധ്യമായി മാഴ്‌സെലോ, സിദാന് രൂക്ഷവിമർശനം !

റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ സൂപ്പർ താരം മാഴ്‌സെലോക്ക്‌ ഇതത്ര നല്ല കാലമല്ല എന്ന് വ്യക്തമാണ്. എന്നാൽ കാര്യങ്ങൾ കൂടുതൽ മോശമായ അവസ്ഥകളിലേക്കാണ് നീങ്ങികൊണ്ടിരിക്കുന്നത്. റയൽ മാഡ്രിഡിന്റെ തോൽവികളുടെ പ്രധാനകാരണം മാഴ്‌സെലോയാണെന്ന് തെളിയിക്കുന്ന കണക്കുകളാണ് പുതുതായി പുറത്ത് വരുന്നത്. സിദാൻ റയൽ മാഡ്രിഡിന്റെ പരിശീലകസ്ഥാനത്തേക്ക് തിരിച്ചു വന്നതിന് ശേഷം ലാലിഗയിൽ ഒമ്പത് മത്സരങ്ങളിലാണ് റയൽ മാഡ്രിഡ്‌ പരാജയമറിഞ്ഞത്. ഈ ഒമ്പത് മത്സരങ്ങളിലും കളിച്ച താരങ്ങളിൽ ഒരാൾ മാഴ്‌സെലോയാണ് എന്നുള്ളതാണ് ദൗർഭാഗ്യകരമായ കാര്യം.മാഴ്‌സെലോ ഇല്ലാതെ കളിച്ച റയൽ മാഡ്രിഡ്‌ ആവട്ടെ വിജയങ്ങൾ കൊയ്യുന്നുമുണ്ട്.

മാഴ്‌സെലോ ഇല്ലാതെ റയൽ മാഡ്രിഡ്‌ 29 മത്സരങ്ങളിലാണ് കളിച്ചത്. ഇതിൽ ഇരുപത് മത്സരങ്ങൾ റയൽ മാഡ്രിഡ്‌ വിജയിക്കുകയും ഒമ്പത് മത്സരങ്ങളിൽ സമനില വഴങ്ങുകയുമാണ് ചെയ്തത്. ഈ കണക്കുകൾ എല്ലാം തന്നെ മാഴ്‌സെലോയുടെ മോശം ഫോമിനെയാണ് വരച്ചു കാണിക്കുന്നത്. മാഴ്‌സെലോക്ക്‌ പകരം കളിക്കുന്ന മെന്റി മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കാറുള്ളത്. എന്നിട്ട് പോലും പല സമയത്തും മെന്റിക്ക്‌ പകരം മാഴ്‌സെലോയെ ആദ്യ ഇലവനിൽ സിദാൻ ഉൾപ്പെടുത്തിയത് രൂക്ഷവിമർശനങ്ങൾക്ക് കാരണമായിരുന്നു. പക്ഷെ യഥാർത്ഥത്തിൽ മാഴ്‌സെലോയിൽ വിശ്വാസമർപ്പിക്കുകയും അദ്ദേഹത്തെ സഹായിക്കുകയുമാണ് സിദാൻ ചെയ്യുന്നത്. എന്നാൽ അതെല്ലാം ഫലം കാണാതെ പോവുന്നത് സിദാന് തലവേദന സൃഷ്ടിക്കുകയാണ്. അറ്റാക്കിങ്ങിൽ ഇപ്പോഴും താരം മികവ് പുലർത്തുന്നു എന്നുള്ളത് സത്യമാണ്. പക്ഷെ പ്രതിരോധത്തിൽ താരം അമ്പേ പരാജയമാണ്. പഴയപോലെ താരത്തിന് ഓടിയെത്താൻ സാധിക്കുന്നില്ല എന്നുള്ളതും തിരിച്ചടിയാണ്. ഏതായാലും മാഴ്‌സെലോയുടെ കാര്യത്തിൽ ഒരു നിശ്ചിത തീരുമാനം കൈക്കൊള്ളാൻ സിദാൻ നിർബന്ധിതനായിരിക്കുകയാണിപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *