മെസ്സിക്കൊപ്പം എങ്ങനെ കളിക്കണം? ഡെസ്റ്റിന് ഒരേയൊരു ഉപദേശം നൽകി ഡാനി ആൽവെസ് !

ഈ ട്രാൻസ്ഫർ ജാലകത്തിൽ അയാക്സിൽ നിന്നും എഫ്സി ബാഴ്സലോണയിലെത്തിയ യുവതാരമാണ് സെർജിനോ ഡെസ്റ്റ്. ഈ സീസണിൽ ഒമ്പത് മത്സരങ്ങളിൽ താരം ബാഴ്‌സക്ക് വേണ്ടി കളിച്ചുവെങ്കിലും താരത്തിന് ഇതുവരെ ഒരൊറ്റ ഗോളിൽ പോലും പങ്കാളിത്തം വഹിക്കാൻ സാധിച്ചിട്ടില്ല. പത്തൊൻപതുകാരനായ ഈ ഫുൾബാക്ക് ഭേദപ്പെട്ട പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ താരത്തിന് ഉപദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ബാഴ്സ സൂപ്പർ താരം ഡാനി ആൽവെസ്. എട്ട് വർഷക്കാലം ബാഴ്‌സയിൽ നിറഞ്ഞു കളിച്ച താരമാണ് ആൽവെസ്. മെസ്സിക്ക് പാസ് നൽകുക എന്ന ഒറ്റ ഉപദേശം മാത്രമേ തനിക്ക് ഡെസ്റ്റിന് നൽകാനൊള്ളൂ എന്നാണ് ഡാനി ആൽവെസ് പറഞ്ഞത്. കഴിഞ്ഞ ദിവസം സ്പാനിഷ് മാധ്യമമായ ആർഎസി വണ്ണിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്.

” എനിക്ക് ഡെസ്റ്റിന് ഒരു ഉപദേശം നൽകാനുണ്ടെങ്കിൽ അത് വളരെ ലളിതമാണ്. മെസ്സിക്ക് പാസ് നൽകുക. അത്രേയൊള്ളൂ. സെർജിയനോ ഡെസ്റ്റിന് ഒരുപാട് ക്വാളിറ്റിയുണ്ട്. ബാഴ്‌സയിൽ തിളങ്ങാനുള്ള അവസരവുമുണ്ട്. ഞാൻ ഒരിക്കലും താരതമ്യം ചെയ്യാനൊന്നും പോവുന്നില്ല. മുമ്പ് കഫുവുമായിട്ട് എനിക്ക് അങ്ങനെ സംഭവിച്ചതാണ്. അതൊരിക്കലും ശരിയാവാത്ത കാര്യമാണ് ” ആൽവെസ് പറഞ്ഞു. മുമ്പ് ഡാനി ആൽവെസ് ആണ് തന്റെ മാതൃകപുരുഷനെന്ന് ഡെസ്റ്റ് തുറന്നു പറഞ്ഞിരുന്നു. അദ്ദേഹത്തെ പോലെ കളിക്കാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹത്തിന്റെ കളിശൈലികൾ യൂട്യൂബിൽ കണ്ടു പഠിക്കാറുണ്ടെന്നും ഒക്ടോബറിൽ ഡെസ്റ്റ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *