റൊണാൾഡോ വിവരമില്ലാത്തവൻ, അദ്ദേഹത്തിന് സഹതാരങ്ങളോട് ഒരു ബഹുമാനവുമില്ലെന്ന് മുൻ യുവന്റസ് താരം !

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ ആഞ്ഞടിച്ച് മുൻ യുവന്റസ് ഡിഫൻഡർ പസ്ക്വലെ ബ്രൂണോ. റൊണാൾഡോ വിവരമില്ലാത്തവൻ ആണെന്നും തന്റെ സഹതാരങ്ങളോടും ഇറ്റാലിയൻ ജനതയോടും അദ്ദേഹത്തിന് ഒരു ബഹുമാനവുമില്ലെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം ടിക്കി ടാക്ക എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018-ലായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡിൽ നിന്നും യുവന്റസിൽ എത്തിയത്. രണ്ടു വർഷമായിട്ടും താരം ഇറ്റാലിയൻ ഭാഷ പഠിക്കാത്തതാണ് ഈ മുൻ യുവന്റസ് താരത്തെ ചൊടിപ്പിച്ചത്. താരം സ്പാനിഷ് സംസാരിക്കുന്നത് ബഹുമാനമില്ലാത്തതിന് തെളിവാണ് എന്നാണ് ഇദ്ദേഹത്തിന്റെ വാദം.നിലവിൽ അൻപത്തിയെട്ട് വയസായ ബ്രൂണോ 1987 മുതൽ 1990 വരെ യുവന്റസിന്റെ ജേഴ്സി അണിഞ്ഞ താരമാണ്.

” ക്രിസ്റ്റ്യാനോ ഒരു വിവരമില്ലാത്തവനാണ്. അദ്ദേഹം ഇറ്റലിയിൽ എത്തിയിട്ടിപ്പോൾ രണ്ട് വർഷം കഴിഞ്ഞു. അദ്ദേഹത്തിന് ഇതുവരെ ഇവിടുത്തെ ഭാഷ പഠിക്കാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം സംസാരിക്കാൻ വേണ്ടി സ്പാനിഷ് ഭാഷയാണ് ഉപയോഗിക്കുന്നത്. അദ്ദേഹത്തിന് തന്റെ സഹതാരങ്ങളെയോ ഇറ്റലിക്കാരെയോ ഒരു ബഹുമാനവുമില്ല ” ബ്രൂണോ ടിക്കി ടാക്കയോട് പറഞ്ഞു. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിന് വേണ്ടി കളിച്ചിരുന്നു. മത്സരത്തിൽ ഒരു അസിസ്റ്റും താരം സ്വന്തമാക്കിയിരുന്നു. കോവിഡ് ബാധിതനായിരുന്ന താരം തിരിച്ചു വരവിലെ ആദ്യ മത്സരത്തിൽ തന്നെ ഇരട്ട ഗോളുകൾ നേടിക്കൊണ്ട് വരവറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *