മുന്നേറ്റനിരയിൽ ആശങ്കയുണ്ട്, സമനില വഴങ്ങിയതിന് ശേഷം കൂമാൻ പറയുന്നു !

ഇന്നലത്തെ മത്സരത്തിൽ സമനില വഴങ്ങിയതോട് കൂടി തുടർച്ചയായ നാലു ലാലിഗ മത്സരങ്ങളിലാണ് ബാഴ്‌സ വിജയിക്കാനാവാതെ പോവുന്നത്. ഗെറ്റാഫെ, റയൽ മാഡ്രിഡ്‌ എന്നീ ടീമുകളോട് ബാഴ്‌സ തോറ്റപ്പോൾ സെവിയ്യ, അലാവസ്‌ എന്നിവർ ബാഴ്സയെ സമനിലയിൽ തളച്ചിടുകയായിരുന്നു. ടീമിന്റെ ഈ പ്രകടനത്തിൽ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് ബാഴ്സ പരിശീലകൻ റൊണാൾഡ് കൂമാൻ. പ്രത്യേകിച്ച് സൂപ്പർ താരങ്ങളടങ്ങുന്ന മുന്നേറ്റനിരയിലാണ് തനിക്ക് ആശങ്കയുള്ളത് എന്നാണ് കൂമാൻ തുറന്നു പറഞ്ഞത്. ഈ സീസണിൽ ബാഴ്‌സയുടെ മുന്നേറ്റനിര ഗോൾക്ഷാമം നേരിടുന്നുണ്ട് എന്നുള്ളത് വ്യക്തമാണ്. സൂപ്പർ താരം ലയണൽ മെസ്സി ഓപ്പൺ പ്ലേയിൽ ഒരൊറ്റ ഗോൾ പോലും ഈ സീസണിൽ ഇതുവരെ നേടിയിട്ടില്ല. മറ്റൊരു താരമായ ഗ്രീസ്മാനാവട്ടെ ഇന്നലെയാണ് ഈ സീസണിലെ ആദ്യ ഗോൾ നേടിയത്. ഫാറ്റിയെയാണ് ബാഴ്‌സ ഗോളടിക്കാൻ വേണ്ടി ആശ്രയിക്കുന്നത് എന്നുള്ളത് വ്യക്തമാണ്. അത്കൊണ്ട് തന്നെ ഈ ഗോളടിക്ഷാമം പരിഹരിക്കാതെ മുന്നോട്ട് പോവാൻ കഴിയില്ല എന്ന് തന്നെയാണ് കൂമാന്റെ കണ്ടെത്തൽ.

” മുന്നേറ്റനിരയുടെ പ്രകടനത്തിൽ എനിക്ക് ആശങ്കയുണ്ട്. താരങ്ങളുടെ ശ്രദ്ധയുടെയോ അതില്ലെങ്കിൽ മനോഭാവത്തിന്റെയോ പ്രശ്നമല്ലിത്. പക്ഷെ കൂടുതൽ ഗോളുകൾ നേടാൻ സാധിക്കുന്നില്ല. ഇത് മുമ്പ് യുവന്റസിനെതിരെയുള്ള മത്സരത്തിലും സംഭവിച്ചിരുന്നു. അന്നും കൂടുതൽ ഗോളുകൾ നേടാനുള്ള അവസരങ്ങൾ ഉണ്ടായിരുന്നു. മാത്രമല്ല ഇന്നത്തെ മത്സരത്തിൽ ഞങ്ങൾ ഒരു ഗോൾ അലാവസിന് സംഭാവന ചെയ്യുകയും ചെയ്തു. ഞങ്ങൾ ഒരുപാട് അവസരങ്ങൾ ഉണ്ടാക്കിയെടുക്കുകയാണെങ്കിൽ ആ മത്സരം തോൽക്കാൻ സാധ്യത കുറവാണ്.ഗോളുകൾ നേടണമെന്ന് മാത്രം.പക്ഷെ ഒരുപാട് അവസരങ്ങൾ ഉണ്ടാക്കിയെടുത്ത് കൊണ്ട് ഒരു ഗോൾ മാത്രം നേടുകയാണെങ്കിൽ അത് ടീമിന് നല്ലതല്ല ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *