ഇങ്ങനെയൊരു നാടകീയത പ്രതീക്ഷിച്ചില്ല,ഇത് ബുദ്ധിമുട്ടേറിയ സീസണാവും : സിദാൻ !

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ കരുത്തരായ റയൽ മാഡ്രിഡ്‌ സമനില വഴങ്ങിയിരുന്നു. എൺപത്തിയേഴാം മിനുട്ട് വരെ രണ്ട് ഗോളിന് പിറകിൽ നിന്ന റയൽ മാഡ്രിഡ്‌ പിന്നീട് സമനില പിടിച്ചു വാങ്ങുകയായിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റുമായി തിളങ്ങിയ കാസമിറോയാണ് റയൽ മാഡ്രിഡിന്റെ രക്ഷകനായത്. എന്നാൽ മത്സരത്തെ കുറിച്ചുള്ള തന്റെ കാഴ്ച്ചപാടുകൾ പങ്കുവെച്ചിരിക്കുകയാണ് റയൽ മാഡ്രിഡ്‌ പരിശീലകൻ സിദാൻ. ഇത്തരത്തിലുള്ള ഒരു നാടകീയത താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും ഈ സീസൺ ബുദ്ധിമുട്ടേറിയ സീസണായിരിക്കുമെന്നുമാണ് സിദാൻ പറഞ്ഞത്. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദാൻ. തന്റെ ടീമിന്റെ പ്രകടനം അഭിമാനമുണ്ടെന്നും ഇങ്ങനെ കളിക്കുകയാണെങ്കിൽ അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ കഴിയുമെന്നുമാണ് അദ്ദേഹം അറിയിച്ചത്. നിലവിൽ ഗ്രൂപ്പിൽ അവസാനസ്ഥാനക്കാരാണ് റയൽ മാഡ്രിഡ്‌. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമാണ് റയലിന്റെ സമ്പാദ്യം.

” ഇത്തരത്തിലുള്ള ഒരു നാടകീയ മത്സരം ഞങ്ങൾ ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ അവസരത്തിനൊത്ത് എങ്ങനെ പ്രവർത്തിക്കണമെന്ന് എന്റെ ടീമിന് അറിയാം. അതാണ് അവർ ഇന്നത്തെ മത്സരത്തിൽ തെളിയിച്ചത്. ആദ്യ പകുതിയിൽ ഞങ്ങൾ തന്നെയാണ് മികച്ചത് എന്നാണ് ഞാൻ കരുതുന്നത്. പക്ഷെ ഏറ്റവും വലിയ വേദന എന്നുള്ളത് ആദ്യത്തെ ഗോൾ വഴങ്ങിയത് വലിയൊരു പിഴവിലൂടെയായിരുന്നു. ഇത്തരം മത്സരങ്ങൾ താരങ്ങൾക്ക് ഒരു പരിചയസമ്പന്നതയാണ് നൽകുന്നത്. എങ്ങനെ പ്രവർത്തിക്കണമെന്ന് അവർ മനസിലാക്കുന്നു. ഇത് പോയിന്റുകൾ നേടാൻ വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഈ വർഷം എല്ലാവർക്കും ഒരു ബുദ്ധിമുട്ടേറിയ വർഷമായിരിക്കും. പക്ഷെ ഇന്നത്തെ എന്റെ ടീമിന്റെ പ്രകടനത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു. ഇത്പോലെ ഞങ്ങൾ കളിക്കുകയാണെങ്കിൽ, സംശയമില്ലാതെ എനിക്ക് പറയാനാവും ഞങ്ങൾ അടുത്ത റൗണ്ടിലേക്ക് മുന്നേറുമെന്ന് ” സിദാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *